ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിനത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജനുവരി 18നാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇന്‍ഡോറിലെ ഹോള്‍ക്കാര്‍ സ്റ്റേഡിയമാണ് ഈ മത്സരത്തിന്റെ വേദി.
പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും അവസാന മത്സരത്തിന് ഇറങ്ങുന്നത്. നിലവില്‍ പരമ്പര 1 – 1 എന്ന നിലയിലാണ്. വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തിലായിരുന്നു ഈ വിജയം.
അതേ മികവ് രണ്ടാം മത്സരത്തിലും തുടരാമെന്ന് ഉറച്ച് വന്ന ഇന്ത്യയ്ക്ക് എന്നാല്‍ രാജ്‌കോട്ടില്‍ കാലിടറി. സെഞ്ച്വറിയുമായി കെ.എല്‍ രാഹുല്‍ ടീമിന് മികച്ച സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ഡാരല്‍ മിച്ചലിന്റെ മറു സെഞ്ച്വറിയില്‍ മെന്‍ ഇന്‍ ബ്ലൂ വീണു. ഒടുവില്‍ ഫലം കിവികള്‍ക്ക് അനുകൂലമായതോടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി.
അതിനാല്‍ തന്നെ ഇന്‍ഡോര്‍ ഏകദിനം ഇന്ത്യന്‍ സംഘത്തിനും കിവികള്‍ക്കും ഒരു പോലെ നിര്‍ണായകമാണ്. പരമ്പര സ്വന്തമാക്കണമെങ്കില്‍ ഈ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും വിജയിച്ചേ തീരൂ.
ഇന്ത്യൻ ടീം. Photo: BCCI/x.com
അവസാന മത്സരത്തില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ വലിയ ആത്മവിശ്വാസമുണ്ടാവും. അതിന് കാരണം സ്വന്തം മണ്ണില്‍ 50 ഓവര്‍ ക്രിക്കറ്റില്‍ ടീമിനുള്ള ആധിപത്യം തന്നെയാണ്. കിവികള്‍ക്ക് ഒരിക്കല്‍ പോലും ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.
ഇതുവരെ ഏഴ് തവണയാണ് ബ്ലാക്ക് ക്യാപ്‌സ് ഇന്ത്യയില്‍ ഏകദിന പരമ്പരയ്ക്ക് എത്തിയിട്ടുള്ളത്. അതിലെല്ലാം വിജയം മെന്‍ ഇന്‍ ബ്ലൂവിനായിരുന്നു. 1988 – 89 ലായിരുന്നു കിവികള്‍ ആദ്യമായി ഏകദിന പരമ്പര കളിച്ചത്. അന്ന് ഇന്ത്യ 4 – 0 ന് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യുകയായിരുന്നു.
പിന്നെ നടന്ന പരമ്പരകളില്‍ കിവികള്‍ക്ക് മേല്‍ ഇന്ത്യ തങ്ങളുടെ ആധിപത്യം തുടര്‍ന്നു. അതേ മികവ് ഇത്തവണയും പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാവും ഗില്ലും സംഘവും.
ന്യൂസിലാൻഡ് താരങ്ങൾ. Photo: Blackcaps/x.com
മറുവശത്ത് ഇന്ത്യയില്‍ ഒരു പരമ്പര ഇതുവരെ സ്വന്തമാക്കിയിട്ടില്ല എന്ന ചീത്തപ്പേര് മാറ്റുക എന്ന ലക്ഷ്യത്തിലാവും കിവികള്‍ മൂന്നാം ഏകദിനത്തിന് കോപ്പുകൂട്ടുന്നത്. അതിന് അവര്‍ക്ക് കരുത്താവുക 2024ലെ ചരിത്ര വിജയമായിരിക്കും. അന്ന് ടെസ്റ്റില്‍ ഇതേ ചീത്തപ്പേര് പരമ്പര തൂത്തുവാരി ബ്ലാക്ക് ക്യാപ്‌സ് തിരുത്തിയിരുന്നു. അത്തരമൊരു മുന്നേറ്റം ഏകദിനത്തിലും നടത്താമെന്ന് ഉറച്ചാവും കിവീസ് അവസാന അങ്കത്തിന് എത്തുക.
(വര്‍ഷം – സ്‌കോര്‍ലൈന്‍ – വിജയി എന്നീ ക്രമത്തില്‍)
1988/89 – 4|0 – ഇന്ത്യ
1995/96 – 3|2 – ഇന്ത്യ
1999/2000 – 3|2 – ഇന്ത്യ
2010/11 – 5|0 – ഇന്ത്യ
2016/17 – 3|2 – ഇന്ത്യ
2017/18 – 2|1 – ഇന്ത്യ
2022/23 – 3|0 – ഇന്ത്യ
Content Highlight: Ind vs NZ: Indian Cricket Team never lost a ODI series against New Zealand in India