| Sunday, 25th January 2026, 8:01 pm

കിവീസിന്റെ തലയരിഞ്ഞ് ഇന്ത്യ; ഗുവാഹത്തിയില്‍ മികച്ച തുടക്കം

ഫസീഹ പി.സി.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാം ടി – 20 മത്സരം ഗുവാഹത്തിയില്‍ നടക്കുകയാണ്. നിലവില്‍ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെടുത്തിട്ടുണ്ട്. 25 പന്തില്‍ 30 റണ്‍സുമായി ഗ്ലെന്‍ഫിലിപ്‌സും 17 പത്തില്‍ 28 റണ്‍സുമായി മാര്‍ക്ക് ചാപ്മാനുമാണ് ക്രീസിലുള്ളത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച കിവീസിന് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ നഷ്ടമായിരുന്നു. രണ്ട് പന്തില്‍ ഒരു റണ്ണെടുത്ത താരം ഹര്‍ദിക് പാണ്ഡ്യയുടെ സൂപ്പര്‍ ക്യാച്ചിലൂടെയാണ് മടങ്ങിയത്.

ഇത്തവണയും കോണ്‍വേ മുട്ടുമടക്കിയത് ഹര്‍ഷിത് റാണയ്ക്ക് മുന്നിലാണ്. ഇത് അഞ്ചാം തവണയാണ് താരം റാണയ്ക്ക് വിക്കറ്റ് നല്‍കുന്നത്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്ന് ഏകദിനത്തിലും രണ്ടാം ടി – 20യിലും താരം നേരത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞിരുന്നു.

റാണയ്ക്ക് പിന്നാലെ അടുത്ത ഓവറില്‍ ഹര്‍ദിക്കും സന്ദര്‍ശകര്‍ക്ക് പ്രഹരമേല്പിച്ചു. താരം രചിന്‍ രവീന്ദ്രയെയാണ് പുറത്താക്കിയത്. അഞ്ച് പന്തില്‍ നാല് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

പിന്നാലെ ടിം സീഫെര്‍ട്ടും ഗ്ലെന്‍ ഫിലിപ്‌സും ഒത്തുചേര്‍ന്നു. ഇവര്‍ റണ്‍സ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ജസ്പ്രീത് ബുംറ ബൗളിങ്ങിന് എത്തി. തന്റെ ആദ്യ പന്തില്‍ തന്നെ സീഫെര്‍ട്ടിനെ മടക്കി. 11 പന്തില്‍ 12 റണ്‍സായിരുന്നു കിവി ഓപ്പണറുടെ സ്‌കോര്‍.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, ഹര്‍ഷിത് റാണ, രവി ബിഷ്ണോയി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കൈല്‍ ജാമിസണ്‍, മാറ്റ് ഹെന്റി, ഇഷ് സോഥി, ജേക്കബ് ഡഫി

Content Highlight: Ind vs NZ: India takes three wickets of New Zealand in 3rd T20I

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more