ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി – 20യിലും ആതിഥേയര്‍ വിജയം നേടിയിരുന്നു. റായ്പൂരില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും ബാറ്റിങ് കരുത്തിലാണ് മെന്‍ ഇന്‍ ബ്ലൂ കിവീസിനെ തകര്‍ത്തത്.
മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 15.2 ഓവറിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്. അതോടെ ഒരു സൂപ്പര്‍ നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചു.
ഇന്ത്യൻ ടീം. Photo: BCCI/x.com
ടി – 20യിലെ ഏറ്റവും വേഗതയേറിയ 200+ റണ്‍ ചെയ്സ് എന്ന നേട്ടമാണ് ഇന്ത്യന്‍ സംഘം കുറിച്ചത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ കുറിച്ച നേട്ടമാണ് സൂര്യയും സംഘവും തകര്‍ത്തത്. റായ്പൂരിലെ ഇന്ത്യയുടെ റെക്കോഡ് ചെയ്സില്‍ കിവികള്‍ക്ക് എതിരെ തന്നെ നടത്തിയ മെന്‍ ഇന്‍ ഗ്രീനിന്റെ 16 ഓവറിലെ ചെയ്‌സാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
(ടീം – എതിരാളി – ടാര്‍ഗറ്റ് – ഓവര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ഇന്ത്യ – ന്യൂസിലാന്‍ഡ് – 209 – 15.2 – റായ്പൂര്‍ – 2026
പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് – 205 – 16 – ഓക്ക്‌ലാന്‍ഡ് – 2025
ഖത്തര്‍ – കുവൈത്ത് – 204 – 16 – ദോഹ – 2019
ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് – 215 – 16.1 – ബാസെറ്റെറെ – 2025
സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് – 206 – 17.4 – ജോഹന്നാസ്ബര്‍ഗ് – 2007
ഇന്ത്യക്കായി സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. സൂര്യ 37 പന്തില്‍ പുറത്താവാതെ 82 റണ്‍സെടുത്തപ്പോള്‍ കിഷന്‍ 32 പന്തില്‍ 76 റണ്‍സും സ്‌കോര്‍ ചെയ്തു. ഒപ്പം 18 പന്തില്‍ 36 റണ്‍സുമായി ശിവം ദുബെ പുറത്താവാതെ നിന്നു.
ഇഷാൻ കിഷനും സൂര്യകുമാർ യാദവും. Photo: BCCI/x.com
കിവീസിനായി ജേക്കബ് ഡഫി, ഇഷ് സോഥി, മാറ്റ് ഹെന്റി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കിവീസിനായി തിളങ്ങിയത് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും രചിന്‍ രവീന്ദ്രയുമാണ്. സാന്റ്‌നര്‍ 27 പന്തില്‍ പുറത്താവാതെ 47 റണ്‍സ് നേടിയപ്പോള്‍ രചിന്‍ 26 പന്തില്‍ 44 റണ്‍സുമെടുത്തു.
ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ നേടി. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ താരങ്ങളെ വീതം മടക്കി വിക്കറ്റ് വേട്ടയില്‍ പങ്കാളികളായി.
Content Highlight: Ind vs NZ: India registered fastest 200+ run chase in T20I