ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പര സ്വന്തമാക്കി ഇന്ത്യ. ഗുവാഹത്തിയില്‍ നടന്ന മൂന്നാം ടി – 20 മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യന്‍ സംഘം പരമ്പര നേടിയെടുത്തത്. അഭിഷേക് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും കരുത്തിലാണ് ടീമിന്റെ വിജയം.
കിവീസ് 154 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുമ്പില്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ 10 ഓവറില്‍ തന്നെ ഇന്ത്യ ഈ ലക്ഷ്യം മറികടക്കുകയായിരുന്നു. 60 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് മെന്‍ ഇന്‍ ബ്ലൂ മറ്റൊരു വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസിന്റെ തുടക്കം തന്നെ പതറിയിരുന്നു. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 34 എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗ്ലെന്‍ ഫിലിപ്‌സ് – മാര്‍ക്ക് ചാപ്മാന്‍ സഖ്യമാണ് ടീമിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത്.
എന്നാല്‍ ഇരുവരും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി പിരിഞ്ഞു. ചാപ്മാന്‍ 23 പന്തില്‍ 32 റണ്‍സുമായി കൂടാരം കയറുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ ഡാരില്‍ മിച്ചലിനെ കൂട്ടുപിടിച്ച് ഫിലിപ്‌സ് ടീമിനെ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍, ഇതിന് വലിയ ആയുസുണ്ടായില്ല. ഇരുവരും ഒരേ സ്‌കോറില്‍ തന്നെ തിരികെ നടന്നു.
ഫിലിപ്‌സ് 23 പന്തില്‍ 32 റണ്‍സും മിച്ചല്‍ എട്ട് പന്തില്‍ 14 റണ്‍സുമായാണ് മടങ്ങിയത്. പിന്നാലെ എത്തിയവരില്‍ മിച്ചല്‍ സാന്റ്‌നര്‍ മാത്രമാണ് ഭേദഃട്ട പ്രകടനം നടത്തിയത്. താരം 17 പന്തില്‍ 27 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്ണോയിയും ഹര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഒപ്പം ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് ആദ്യ പന്തില്‍ തന്നെ സഞ്ജു സാംസണിനെ നഷ്ടമായിരുന്നു. എന്നാലിത് ഇന്ത്യന്‍ ബാറ്റിങ്ങിനെ ഒട്ടും ബാധിച്ചില്ല. അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും തുടരെ തുടരെ കിവീസ് ബൗളര്‍മാരെ തല്ലിയൊതുക്കി.
അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ഇഷാന്‍ കൂടാരം കയറി. 13 പന്തില്‍ 28 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ ഒരുമിച്ച അഭിഷേക് – സൂര്യകുമാര്‍ യാദവ് സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ഇതിനിടയില്‍ ഇരുവരും തങ്ങളുടെ അര്‍ധ സെഞ്ച്വറി തികച്ചു. അഭിഷേക് 14 പന്തില്‍ ഫിഫ്റ്റി അടിച്ചപ്പോള്‍ സൂര്യ 25 പന്തിലും 50 റണ്‍സ് പൂര്‍ത്തിയാക്കി. കളി അവസാനിക്കുമ്പോള്‍ അഭിഷേക് 20 പന്തില്‍ 68 റണ്‍സും സൂര്യ 26 പന്തില്‍ 57 റണ്‍സുമായി പുറത്താവാതെ നിന്നു.
കിവീസിനായി മാറ്റ് ഹെന്റിയും ഇഷ് സോഥിയും ഒരോ വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlight: Ind vs NZ: India defeated New Zealand in T20I in 10 overs with Abhishek Sharma’s and Suryakumar Yadav’s fifty