| Friday, 23rd January 2026, 10:48 pm

സൂര്യയും കിഷനും കസറി; 'സെഞ്ച്വറിയില്‍' ജയിച്ച് ഇന്ത്യ

ഫസീഹ പി.സി.

ന്യൂസിലാന്‍ഡിനെതിരെയുള്ള രണ്ടാം ടി – 20യിലും തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. റായ്പൂരില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് മെന്‍ ഇന്‍ ബ്ലൂ വിന്റെ വിജയം. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും കരുത്തിലാണ് ആതിഥേയര്‍ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് 209 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി. ഇത് പിന്തുടര്‍ന്ന് ഇന്ത്യ 28 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ തങ്ങളുടെ 100ാം ഹോം ടി – 20 മത്സരത്തില്‍ ജയിക്കാന്‍ മെന്‍ ഇന്‍ ബ്ലൂ വിന് സാധിച്ചു. ഇന്ത്യ പരമ്പരയില്‍ 2 -0ന് മുന്നിലെത്തി.

കിവീസിനായി മികച്ച ബാറ്റിങ് പുറത്തെടുത്തത് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും രചിന്‍ രവീന്ദ്രയുമാണ്. സാന്റ്‌നര്‍ 27 പന്തില്‍ പുറത്താവാതെ 47 റണ്‍സ് നേടിയപ്പോള്‍ രചിന്‍ 26 പന്തില്‍ 44 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

മിച്ചൽ സാന്റ്നർ . Photo: BlackCaps/x.com

കൂടാതെ ടിം സീഫെര്‍ട്ട്, ഗ്ലെന്‍ ഫിലിപ്‌സ്, ഡെവോണ്‍ കോണ്‍വേ എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. സീഫെര്‍ട്ട് 13 പന്തില്‍ 24 റണ്‍സെടുത്തപ്പോള്‍ കോണ്‍വേ ഒമ്പത് പന്തില്‍ 19 റണ്‍സ് നേടി. ഫിലിപ്‌സ് 15 പന്തില്‍ 19 റണ്‍സും സംഭാവന ചെയ്തു.

ഇവര്‍ക്കൊപ്പം അവസാന ഓവറുകളില്‍ മികച്ച ബാറ്റിങ്ങുമായി സക്കറി ഫൗള്‍ക്കസും ചേര്‍ന്നു. താരം എട്ട് പന്തില്‍ പുറത്താവാതെ 15 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചിരുന്നു. ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും പെട്ടെന്ന് തന്നെ മടങ്ങി. സഞ്ജു അഞ്ച് പന്തില്‍ ആറ് റണ്‍സുമായി തിരികെ നടന്നപ്പോള്‍ അഭിഷേക് ഗോള്‍ഡന്‍ ഡക്കായി.

പിന്നാലെത്തിയ ഇഷാന്‍ കിഷന്‍ – സൂര്യകുമാര്‍ യാദവ് എന്നിവരാണ് ടീമിനെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 122 റണ്‍സാണ് ചേര്‍ത്തത്. ഈ സഖ്യം പിരിഞ്ഞത് ഇഷാന്‍ കിഷന്‍ മടങ്ങിയതോടെയാണ്. ഇഷാന്‍ 32 പന്തില്‍ നാല് സിക്സും 11 ഫോറുമടക്കം 76 റണ്‍സാണ് എടുത്തത്.

അതോടെ സൂര്യക്കൊപ്പം ശിവം ദുബെ ബാറ്റിങ്ങെത്തി. ഇരുവരും ചേര്‍ന്നാണ് ടീമിന് വിജയം സമ്മാനിച്ചത്. 37 പന്തില്‍ നാല് സിക്സും ഒമ്പത് ഫോറുമടക്കം 82 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഒപ്പം ദുബെ 18 പന്തില്‍ 36 റണ്‍സും സ്‌കോര്‍ ചെയ്തു.

കിവീസിനായി ജേക്കബ് ഡഫി, ഇഷ് സോഥി, മാറ്റ് ഹെന്റി എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

Content Highlight: Ind vs NZ: India defeated New Zealand in second T20I with Suryakumar Yadav’s and Ishan Kishan’ heroics

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more