| Wednesday, 21st January 2026, 11:14 pm

താണ്ഡവമാടി അഭിഷേക്; നാഗ്പൂരില്‍ കിവീസിനെ കരയിച്ച് ഇന്ത്യ

ഫസീഹ പി.സി.

ന്യൂസിലാന്‍ഡിന് എതിരെയുള്ള ഒന്നാം ടി – 20യില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് മെന്‍ ഇനി ബ്ലൂവിന്റെ വിജയം. അഭിഷേക് ശര്‍മയുടെ കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന കിവീസിന് ഏഴ് വിക്കറ്റിന് 190 റണ്‍സ് എടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഇതോടെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി മിന്നും പ്രകടനം നടത്തിയത് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ്. താരം 35 പന്തില്‍ 84 റണ്‍സെടുത്താണ് താണ്ഡവമാടിയത്. 240 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത് എട്ട് സിക്സും അഞ്ച് ഫോറുമാണ്.

Photo: Johns/x.com

താരത്തിന് പുറമെ, തകര്‍പ്പന്‍ ബാറ്റിങ്ങുമായി റിങ്കു സിങ് ഫിനിഷിങ്ങില്‍ തിളങ്ങി. 20 പന്ത് നേരിട്ട് താരം മൂന്ന് സിക്സും നാല് ഫോറുമുള്‍പ്പടെ പുറത്താവാതെ 44 റണ്‍സെടുത്തു. ഇവര്‍ക്കൊപ്പം ഹര്‍ദിക് പാണ്ഡ്യയും സംഭാവന ചെയ്തു.

ഹര്‍ദിക് 16 പന്തില്‍ 25 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തി.

കിവീസിനായി ജേക്കബ് ഡഫിയും കൈല്‍ ജാമിസണും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രിസ് ക്ലാര്‍ക്ക്, മിച്ചല്‍ സാന്റ്‌നര്‍, ഇസ് സോഥി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ ഗ്ലെന്‍ ഫിലിപ്‌സ് മികച്ച പ്രകടനം പുറത്തെടുത്തു. താരം 40 പന്തില്‍ 78 റണ്‍സാണ് എടുത്തത്. മാര്‍ക്ക് ചാപ്മാനും ഡാരില്‍ മിച്ചലും ടീം സ്‌കോറിലേക്ക് സംഭാവന ചെയ്തു. ചാപ്മാന്‍ 24 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍ മിച്ചല്‍ 18 പന്തില്‍ 28 റണ്‍സും സ്‌കോര്‍ ചെയ്തു.

ടിം റോബിന്‍സണ്‍ (15 പന്തില്‍ 21), മിച്ചല്‍ സാന്റ്‌നര്‍ (13 പന്തില്‍ 20*) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാല്‍ ഇതൊന്നും ടീമിന് വിജയം സമ്മാനിക്കാന്‍ തുണച്ചില്ല.

ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതം നേടി. അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: Ind vs NZ: India defeated New Zealand in first T20I match

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more