ന്യൂസിലാന്‍ഡിന് എതിരെയുള്ള അവസാന ടി – 20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയം വിജയം സ്വന്തമാക്കി ഇന്ത്യ. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 46 റണ്‍സിനാണ് ടീമിന്റെ വിജയം. ഇഷാന്‍ കിഷന്റെയും അര്‍ഷ് ദീപ് സിങ്ങിന്റെയും കരുത്തിലാണ് മെന്‍ ഇന്‍ ബ്ലൂ വിജയം നേടിയെടുത്തത്.
ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന കിവീസ് 225 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ സൂര്യയും സംഘവും വിജയികളായി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കം തന്നെ അഞ്ച് റണ്‍സെടുത്ത സഞ്ജു സാംസണിനെ നഷ്ടമായിരുന്നു. ഏറെ വൈകാതെ അഭിഷേക് ശര്‍മയും തിരികെ നടന്നു. 16 പന്തില്‍ 30 റണ്‍സ് എടുത്തായിരുന്നു താരത്തിന്റെ മടക്കം.
പിന്നാലെ ഒരുമിച്ച് ഇഷാന്‍ കിഷന്‍ – സൂര്യകുമാര്‍ യാദവ് സഖ്യം സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 137 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ സൂര്യ മടങ്ങിയതോടെയാണ് ഈ ജോഡി പിരിഞ്ഞത്.
30 പന്തില്‍ 63 റണ്‍സാണ് സ്‌കൈയുടെ സമ്പാദ്യം. ആറ് സിക്സും നാല് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. തന്റെ പങ്കാളി തിരികെ നടന്നെങ്കിലും കിഷന്‍ ക്രീസില്‍ തന്നെ തുടര്‍ന്നു. തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കി.
കിഷന്‍ 42 പന്തുകള്‍ നേരിട്ടാണ് തന്റെ കന്നി ടി – 20 സെഞ്ച്വറി സ്വന്തമാക്കിയത്. അടുത്ത പന്തില്‍ താരം പുറത്തായി. 43 പന്തില്‍ പത്ത് സിക്സും ആറ് ഫോറുമുള്‍പ്പടെ 103 റണ്‍സുമായാണ് താരം കൂടാരം കയറിയത്.
ഇഷാൻ കിഷൻ . Photo: Johns/x.com
ഇവര്‍ക്കൊപ്പം ഹര്‍ദിക് പാണ്ഡ്യയും തകര്‍ത്തടിച്ചു. താരം 17 പന്തില്‍ 42 റണ്‍സാണ് എടുത്തത്. ഇതോടെ ഇന്ത്യ 271 റണ്‍സ് പടുത്തുയര്‍ത്തി.
കിവീസിനായി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റുകളെടുത്തപ്പോള്‍ ജേക്കബ് ഡഫി, കൈല്‍ ജാമിസണ്‍, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ കിവീസിന് സാധിച്ചിരുന്നു. എന്നാല്‍, ഫിന്‍ അലനെ പുറത്താക്കി അക്സര്‍ പട്ടേല്‍ ഇന്ത്യയെ കളിയിലേക്ക് തിരിച്ച് കൊണ്ടുവന്നു. അലന്‍ 38 പന്തില്‍ 80 റണ്‍സെടുത്താണ് മടങ്ങിയത്.
പിന്നീട് മികച്ച ബാറ്റിങ് കാഴ്ച വെച്ച രചിന്‍ രവീന്ദ്രയെയും ഡാരില്‍ മിച്ചലിനെയും പുറത്താക്കി അര്‍ഷ്ദീപ് സിങ് ഇന്ത്യയ്ക്ക് വീണ്ടും മുന്‍തൂക്കം നല്‍കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ആതിഥേയര്‍ വിക്കറ്റ് വീഴ്ത്തി. അതോടെ ന്യൂസിലാന്‍ഡ് സമ്മര്‍ദത്തിലായി.
അവസാന ഓവറുകളില്‍ റണ്‍സ് അടിക്കാന്‍ കിവി ബാറ്റര്‍മാര്‍ ശ്രമിച്ചെങ്കിലും വിജയത്തിലെത്താന്‍ സാധിച്ചില്ല. അതോടെ ടീമിന് തങ്ങളുടെ പോരാട്ടം 225 റണ്‍സില്‍ അവസാനിപ്പിക്കേണ്ടി വന്നു.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഒപ്പം അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റുകളും വരുണ്‍ ചക്രവര്‍ത്തി, റിങ്കു സിങ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
Content Highlight: Ind vs NZ: India defeated New Zealand in fifth and final T20I match