| Saturday, 31st January 2026, 11:09 pm

ആയിരമടിച്ച് കുങ്ഫു പാണ്ഡ്യ; ഇങ്ങനെയൊരാള്‍ ആദ്യം!!

ഫസീഹ പി.സി.

അന്തരാഷ്ട്ര ടി – 20യില്‍ ചരിത്രം കുറിച്ച് ഹര്‍ദിക് പാണ്ഡ്യ. ഡെത്ത് ഓവറുകളില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന ന്യൂസിലാന്‍ഡിന് എതിരെയുള്ള അവസാന ടി – 20 മത്സരത്തിലാണ് താരത്തിന്റെ ഈ നേട്ടം.

മത്സരത്തില്‍ ഹര്‍ദിക് 17 പന്തില്‍ 42 റണ്‍സെടുത്തിരുന്നു. നാല് സിക്‌സറുകളും ഒരു ഫോറുമടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 247.06 സ്‌ട്രൈക്ക് റേറ്റില്‍ നടത്തിയ ഈ പ്രകടനമാണ് താരത്തിനെ ഡെത്ത് ഓവറുകളില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്നതിന് സഹായിച്ചത്.

ഹര്‍ദിക് പാണ്ഡ്യ. Photo: BCCI/x.com

ടി – 20 ഐ ഡെത്ത് ഓവറുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 1030

ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – 986

മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – 973

എം.എസ്. ധോണി – ഇന്ത്യ – 856

നജീബുല്ല സദ്രാന്‍ – അഫ്ഗാനിസ്ഥാന്‍ – 838

ദഷുന്‍ ഷാനക – ശ്രീലങ്ക – 838

വിരാട് കോഹ്ലി – ഇന്ത്യ – 777

അതേസമയം മത്സരത്തില്‍ ഇന്ത്യ 46 റണ്‍സിന്റെ തകപ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സ് പിന്തുടര്‍ന്ന കിവീസ് 225 റണ്‍സിന് തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യക്കായി ഹര്‍ദിക് പുറമെ, ഇഷാന്‍ കിഷന്‍ സെഞ്ച്വറിയടിച്ചും സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി നേടിയും തിളങ്ങി. കിഷന്‍ 43 പന്തില്‍ പത്ത് സിക്സും ആറ് ഫോറുമുള്‍പ്പടെ 103 റണ്‍സാണ് എടുത്തത്.
സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സും സ്‌കോര്‍ ചെയ്തു. അഭിഷേക് ശര്‍മ 16 പന്തില്‍ 30) റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചേര്‍ത്തു.

ഇഷാൻ കിഷൻ. Photo: Johns/x.com

കിവീസിനായി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റുകളും ജേക്കബ് ഡഫി, കൈല്‍ ജാമിസണ്‍, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ ഫിന്‍ അലന്‍ 38 പന്തില്‍ 80 റണ്‍സെടുത്ത് തിളങ്ങി. ഒപ്പം രചിന്‍ രവീന്ദ്ര (17 പന്തില്‍ 30), ഡാരില്‍ മിച്ചല്‍ (12 പന്തില്‍ 26) റണ്‍സും ചേര്‍ത്തു.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. വരുണ്‍ ചക്രവര്‍ത്തി, റിങ്കു സിങ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

Content Highlight: Ind vs NZ: Hardik Pandya became first batter to score 1000 runs in death overs in T20I

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more