| Wednesday, 28th January 2026, 8:07 am

നാലാമങ്കം സഞ്ജുവിന് നിര്‍ണായകം; തിരിച്ചുവരവിനായി കാത്ത് ആരാധകര്‍

ഫസീഹ പി.സി.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി – 20 പരമ്പര ആതിഥേയര്‍ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. പരമ്പരയില്‍ നടന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയുടെ ഈ നേട്ടം. എന്നാല്‍, പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്.

പരമ്പരയിലെ നാലാം മത്സരം ഇന്ന് (ജനുവരി 28) നടക്കും. വിശാഖപ്പട്ടണമാണ് ഈ മത്സരത്തിന് വേദിയാവുന്നത്. ഇന്ത്യ ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണായിരിക്കും ശ്രദ്ധാകേന്ദ്രം. ആദ്യ മൂന്ന് മത്സരങ്ങളിലും താരത്തിന് തിളങ്ങാനായില്ല എന്നതാണ് അതിന് കാരണം.

സഞ്ജു സാംസൺ . Photo: Team Samson/x.com

സഞ്ജു ആദ്യ മത്സരത്തില്‍ ഏഴ് പന്തില്‍ പത്തും റണ്‍സും രണ്ടാം ടി – 20യില്‍ അഞ്ച് പന്തില്‍ ആറ് റണ്‍സുമാണ് നേടിയത്. മൂന്നാം മത്സരത്തില്‍ തിരിച്ചുവരവ് പ്രതീക്ഷിച്ച ആരാധകരെ വീണ്ടും നിരാശരാക്കി ആദ്യ പന്തില്‍ തന്നെ ബൗള്‍ഡായി താരം മടങ്ങി. ലോകകപ്പ് അടുത്ത് നില്‍ക്കെ തുടര്‍ച്ചയായി താരം പരാജയപ്പെടുന്നത് ടീമിലെ താരത്തിന്റെ സ്ഥാനത്തിന് തന്നെ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

മറ്റൊരു മത്സരത്തില്‍ കൂടി പരാജയപ്പെട്ടാല്‍ സഞ്ജുവിന് ടീമിന് പുറത്തേക്ക് പോവേണ്ടി വരും. അതോടൊപ്പം മറുവശത്ത് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നതും മലയാളി താരത്തിന്റെ സ്ഥാനത്തിന് വലിയ ഭീഷണിയാണ്. അതിനാല്‍ തന്നെ നാലാം മത്സരം വിക്കറ്റ് കീപ്പര്‍ക്ക് വളരെ നിര്‍ണായകമാണ്.

കിവീസിന് എതിരെയുള്ള പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും സഞ്ജു തന്നെയായിരിക്കും ഓപ്പണിങ്ങില്‍ ഇറങ്ങാന്‍ സാധ്യത. അതിന്റെ സൂചനകളാണ് ഇന്ത്യയുടെ സഹ പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍ കഴിഞ്ഞ ദിവസം നല്‍കിയത്. സഞ്ജുവിന് ഫോമിലേക്ക് തിരിച്ചെത്താന്‍ ഒരു മികച്ച പ്രകടനം മാത്രം മതിയെന്നും എന്നാല്‍ ലോകകപ്പിനായി തയ്യാറെടുക്കുമ്പോള്‍ ശരിയായ സമയത്ത് മികച്ച പ്രകടനം കാഴ്ച വെക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സഞ്ജു സാംസൺ. Photo: BCCI/x.com

കൂടാതെ സഞ്ജുവിന് റണ്‍സ് നേടാന്‍ കുറച്ച് സമയം മാത്രമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലാം മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവെയാണ് മോര്‍ക്കല്‍ മലയാളി താരത്തിന് പിന്തുണ നല്‍കിയത്.

ഇത് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ സഞ്ജുവിനെ കൈവിടില്ലെന്ന കൃത്യമായ സൂചനയാണ്. അതിനാല്‍ ലോകകപ്പിലും ഓപ്പണിങ് സ്ഥാനം നിലനിര്‍ത്താന്‍ മലയാളി വിക്കറ്റ് കീപ്പര്‍ക്ക് ബാറ്റ് കൊണ്ട് തിളങ്ങിയെ മതിയാവൂ. താരത്തിന്റെ തിരിച്ചുവരവിനായാണ് ഓരോ ആരാധകനും കാത്തിരിക്കുന്നത്. അതുടനെ തന്നെ ഉണ്ടാക്കുമെന്ന ആത്മവിശ്വാസവും ആരാധകര്‍ക്കുണ്ട്.

Content Highlight: Ind vs NZ: fourth T20I between India and  New Zealand is crucial for Sanju Samson to retain his spot in team

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more