| Sunday, 11th January 2026, 2:55 pm

പതറാതെ ഓപ്പണര്‍മാര്‍; വഡോദരയില്‍ കിവികള്‍ മികച്ച നിലയില്‍

ഫസീഹ പി.സി.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഒന്നാം ഏകദിനം വഡോദരയില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന കിവീസ് മികച്ച നിലയില്‍ ബാറ്റിങ് തുടരുകയാണ്. നിലവില്‍ 16 ഓവറുകള്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ സന്ദര്‍ശകര്‍ 79 റണ്‍സെടുത്തിട്ടുണ്ട്.

Photo: X.com

ഡെവോണ്‍ കോണ്‍വേയും ഹെന്റി നിക്കോള്‍സുമാണ് ക്രീസിലുള്ളത്. കോണ്‍വേ 48 പന്തില്‍ 35 റണ്‍സുമായാണ് നിലയുറപ്പിച്ചിരിക്കുന്നത്. 48 പന്തില്‍ 42 റണ്‍സാണ് മറുവശത്തുള്ള നിക്കോള്‍സിന്റെ സ്‌കോര്‍.

മത്സരത്തിന്റെ ആദ്യ ഓവറുകളില്‍ ഇന്ത്യയ്ക്ക് ന്യൂസിലാന്‍ഡ് താരങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചിരുന്നു. ആദ്യ രണ്ട് ഓവറുകളില്‍ ഇന്ത്യന്‍ ടീം വെറും രണ്ട് റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ആദ്യ അഞ്ച് ഓവറില്‍ ഇന്ത്യന്‍ സംഘം വിട്ടുനല്‍കിയത് ആകെ 17 റണ്‍സായിരുന്നു.

എന്നാല്‍, ഈ സമയങ്ങളില്‍ കിവി താരങ്ങള്‍ വളരെ സംയമനം പാലിച്ച് ബാറ്റേന്തി മുന്നേറുകയായിരുന്നു. പിന്നീട് സന്ദര്‍ശകര്‍ സ്‌കോര്‍ മെല്ലെ ഉയര്‍ത്തുകയായിരുന്നു.

അതേസമയം, മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കകയായിരുന്നു. സൗത്ത് ആഫ്രിക്കന്‍ പരമ്പരയില്‍ പരിക്കേറ്റ് പുറത്തായിരുന്ന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ശ്രേയസ് അയ്യരും ടീമിലേക്ക് തിരിച്ചെത്തി. ഒപ്പം ഏറെ നാളുകള്‍ക്ക് ശേഷം പേസര്‍ മുഹമ്മദ് സിറാജും പ്ലെയിങ് ഇലവനില്‍ ഇടം നേടി.

മറുവശത്ത് യുവനിരയുമാണ് ന്യൂസിലാന്‍ഡ് കളിക്കാന്‍ എത്തിയിരിക്കുന്നത്. മൈക്കല്‍ ബ്രേസ് വെല്ലാണ് ടീമിനെ നയിക്കുന്നത്. ഇന്ത്യന്‍ വംശജനായ ആദിത്യ അശോക് ടീമില്‍ ഇടം പിടിച്ചു. ഒപ്പം യുവതാരം മൈക്കല്‍ ക്ലാര്‍ക്ക് അരങ്ങേറ്റം കുറിക്കുന്നുണ്ട്.

ഇന്ത്യന്‍ പ്ലെയിങ് ഇലവൻ

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവൻ

ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യങ്, ഡാരല്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ബ്രേസ് വെല്‍ (ക്യാപ്റ്റന്‍), സക്കറി ഫോള്‍ക്സ്, ക്രിസ് ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍, ആദിത്യ അശോക്

Content Highlight: Ind vs NZ: First ODI Updates: New Zealand are in good form

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more