ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാനത്തെയും മൂന്നാമത്തേയും മത്സരം ഇന്‍ഡോറില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് എട്ട് വിക്കറ്റിന് 337 റണ്‍സെടുത്തിട്ടുണ്ട്. ഡാരല്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും ഇരട്ട സെഞ്ച്വറി കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
മത്സരത്തില്‍ ടീമിന്റെ ടോപ് സ്‌കോററായത് ഡാരല്‍ മിച്ചലാണ്. താരം 131 പന്തില്‍ 137 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മൂന്ന് സിക്സും 15 ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നത്. ഇതോടെ ഈ പരമ്പരയില്‍ 300 റണ്‍സ് പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു. താരത്തിന് നിലവില്‍ 352 റണ്‍സുണ്ട്.
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന ഡാരൽ മിച്ചൽ. Photo: BLACKCAPS/x.com
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും മിച്ചല്‍ സ്വന്തമാക്കി. ഇന്ത്യയില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നാമതെത്താനാണ് താരത്തിന് സാധിച്ചത്. ശ്രീലങ്കന്‍ താരം റോയ് ഡയസ് കുറിച്ച 262 റണ്‍സിന്റെ റെക്കോഡാണ് കിവി ബാറ്റര്‍ തകര്‍ത്തത്. 1982ല്‍ കുറിച്ച ഈ നേട്ടം 44 വര്‍ഷങ്ങള്‍ക്ക് ശേഷം തകർത്തെറിഞ്ഞാണ് മിച്ചലിന്റെ നേട്ടം.
(താരം – ടീം – വര്‍ഷം – റണ്‍സ് എന്നീ ക്രമത്തില്‍)
ഡാരല്‍ മിച്ചല്‍ – ന്യൂസിലാന്‍ഡ് – 2026 – 352
റോയ് ഡയസ് – ശ്രീലങ്ക – 1982 – 262
മാര്‍ലോണ്‍ സാമുവല്‍സ് – 2014 – വെസ്റ്റ് ഇന്‍ഡീസ് – 254
ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 2017 – 250
എ.ബി. ഡി വില്ലിയേഴ്സ് – സൗത്ത് ആഫ്രിക്ക – 2010 – 241
മിച്ചലിന് പുറമെ, ഗ്ലെന്‍ ഫിലിപ്‌സ് 88 പന്തില്‍ 106 റണ്‍സെടുത്ത് തിളങ്ങി. ഒപ്പം 41 പന്തില്‍ 30 റണ്‍സും മൈക്കല്‍ ബ്രേസ് വെല്‍ 18 പന്തില്‍ പുറത്താവാതെ 28 റണ്‍സും ചേര്‍ത്തു. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല.
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന ഗ്ലെൻ ഫിലിപ്സ്. Photo: BLACKCAPS/x.com
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റുകള്‍ വീതവും നേടി. ഒപ്പം മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും ഓരോ വിക്കറ്റുകള്‍ വീതം പിഴുതു.
നിലവില്‍ ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. രണ്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സെടുത്തിട്ടുണ്ട്. എട്ട് പന്തില്‍ ആറ് റണ്‍സുമായി രോഹിത് ശര്‍മയും ഒരു പന്തില്‍ ഒരു റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസിലുളളത്.
Content Highlight: Ind vs NZ: Daryl Mitchell tops the list of most runs in a 3 Match ODI Series against India in India