| Friday, 23rd January 2026, 9:30 pm

ആരും ആഗ്രഹിക്കാത്ത നേട്ടത്തില്‍ അര്‍ഷ്ദീപ്; മോശം നേട്ടത്തില്‍ ഭുവിക്കൊപ്പം!

ഫസീഹ പി.സി.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ടി – 20 മത്സരം റായ്പൂരില്‍ നടക്കുകയാണ്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എടുത്തിട്ടുണ്ട്. ഏഴ് പന്തില്‍ 14 റണ്‍സെടുത്ത ഇഷാന്‍ കിഷനും അഞ്ച് പന്തില്‍ രണ്ട് റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവുമാണ് ക്രീസിലുള്ളത്.

അഭിഷേക് ശര്‍മയുടെയും സഞ്ജു സാംസണിന്റെയും വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. അഭിഷേക് ഗോള്‍ഡന്‍ ഡക്കായപ്പോള്‍ സഞ്ജു അഞ്ച് പന്തില്‍ ആറ് റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

അര്‍ഷ്ദീപ് സിങ്. Photo: Johns/x.com

ഈ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍ അര്‍ഷ്ദീപ് സിങ് ഒരു നാണക്കേട് തന്റെ പേരിലാക്കി. താരമായിരുന്നു മത്സരത്തില്‍ കിവീസിന്റെ ഇന്നിങ്‌സില്‍ ഇന്ത്യക്കായി ആദ്യ ഓവര്‍ എറിയാന്‍ എത്തിയത്. താരം ഈ ഓവറില്‍ വിട്ടുനല്‍കിയതാകട്ടെ 18 റണ്‍സും. ഒന്നാം ഓവറില്‍ തന്നെ മൂന്ന് ഫോറും ഒരു സിക്‌സുമാണ് താരം വഴങ്ങിയത്.

ഇതോടെയാണ് അര്‍ഷ്ദീപ് മോശം റെക്കോഡില്‍ ഇടം പിടിച്ചത്. ടി – 20യില്‍ ഏറ്റവും വിലയേറിയ ആദ്യ ഓവര്‍ എറിഞ്ഞ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലാണ് ഫാസ്റ്റ് ബൗളര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഭുവനേശ്വര്‍ കുമാറിനൊപ്പമാണ് താരം ഒന്നാം സ്ഥാനം പങ്കിടുന്നത്. ഇരുവരും 18 റണ്‍സ് വീതമാണ് വഴങ്ങിയത്.

ടി – 20യില്‍ ഏറ്റവും വിലയേറിയ ആദ്യ ഓവര്‍ എറിഞ്ഞ ഇന്ത്യന്‍ താരങ്ങള്‍

(താരം – എതിരാളി – വര്‍ഷം – റണ്‍സ് എന്നീ ക്രമത്തില്‍)

അര്‍ഷ്ദീപ് സിങ് – ന്യൂസിലാന്‍ഡ് – 2026 -18

ഭുവനേശ്വര്‍ കുമാര്‍ – അയര്‍ലാന്‍ഡ് – 2022 – 18

ആര്‍. അശ്വിന്‍ – ഇംഗ്ലണ്ട് – 2014 – 17

മുഹമ്മദ് ഷമി – വെസ്റ്റ് ഇന്‍ഡീസ് – 2016 – 17

മുഹമ്മദ് ഷമി – ഇംഗ്ലണ്ട് – 2025 – 17

അതേസമയം, മത്സരത്തില്‍ കിവീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. ടീമിനായി മികച്ച പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും രചിന്‍ രവീന്ദ്രയുമാണ്. സാന്റ്‌നര്‍ 27 പന്തില്‍ പുറത്താവാതെ 47 റണ്‍സെടുത്തപ്പോള്‍ രചിന്‍ 26 പന്തില്‍ 44 റണ്‍സും സ്‌കോര്‍ ചെയ്തു.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlight: Ind vs NZ: Arshdeep Singh tops jointly with Bhuvaneshwar Kumar in most expensive first over in T20I by Indians

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more