ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള രണ്ടാം ടി – 20 ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ഗ്രൗണ്ടില്‍ നടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തിട്ടുണ്ട്.
മത്സരത്തില്‍ വണ്‍ ഡൗണായി എത്തിയ ഹാരി ടെക്ടര്‍ അര്‍ധ സെഞ്ച്വറി നേടിയാണ് കരുത്ത് തെളിയിച്ചത്. 47 പന്തില്‍ 53 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒരു സിക്സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും ടെക്ടര്‍ സ്വന്തമാക്കി. ഇന്ത്യ – അയര്‍ലാന്‍ഡ് ടി – 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരം എന്ന നേട്ടമാണ് ഐറിഷ് ബാറ്റര്‍ സ്വന്തമാക്കിയത്. 176 റണ്‍സുമായാണ് താരം രണ്ടാമെത്തിയത്.
മത്സരത്തിന് മുമ്പ് ടെക്ടര്‍ 123 റണ്‍സുമായി നാലാം സ്ഥാനത്തായിരുന്നു. മലയാളി താരം സഞ്ജു സാംസണിനൊപ്പമായിരുന്നു താരത്തിന്റെ സ്ഥാനം. ഇപ്പോള്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ സഞ്ജുവിനൊപ്പം ദീപക് ഹൂഡ, ഐറിഷ് താരം ആന്‍ഡി ബാല്‍ബിര്‍ണി എന്നിവരെ മറികടന്ന് ബാറ്റര്‍ മുന്നിലെത്തുകയായിരുന്നു.
(താരം – ടീം – മത്സരങ്ങള്‍ – റണ്‍സ് എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – ഇന്ത്യ – 4 – 201
ഹാരി ടെക്ടര്‍ – അയര്‍ലാന്‍ഡ് – 7 – 176
ആന്‍ഡി ബാല്‍ബിര്‍ണി – അയര്‍ലാന്‍ഡ് – 7 – 161
ദീപക് ഹൂഡ – ഇന്ത്യ – 2 – 151
സഞ്ജു സാംസണ്‍ – ഇന്ത്യ – 4 – 123
ജോര്‍ജ് ഡോക്രെല്‍ – അയര്‍ലാന്‍ഡ് – 9 – 106
അതേസമയം, മത്സരത്തില്‍ അയര്‍ലാന്‍ഡിനായി ബെന്‍ കാലിറ്റ്‌സും തിളങ്ങി. താരം 23 പന്തില്‍ 37 റണ്‍സാണ് എടുത്തത്. ഒപ്പം ജോര്‍ജ് ഡോക്രെല്‍ (14 പന്തില്‍ 19), റോസ് അഡയര്‍ (ഏഴ് പന്തില്‍ 16), ലോര്‍ക്കന്‍ ടക്കര്‍ (18 പന്തില്‍ 15) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റക്കാരന്‍ പ്രിന്‍സ് യാദവ് മൂന്ന് വിക്കറ്റുകളുമായി മിന്നും പ്രകടനം നടത്തി. ശിവം ദുബൈയും അര്‍ഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റുകളും ഹര്‍ഷിത് റാണ ഒരു വിക്കറ്റും പിഴുതു.
Content Highlight: Ind vs Ire: Harry Tector became second highest top scorer in India vs Ireland T20I by Surpassing three players including Sanju Samson