| Thursday, 1st November 2018, 7:42 am

തീയെ മറികടന്നു; കാര്യവട്ടത്ത് ഇന്ന് കളി കാര്യമാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ആനന്ദിക്കാനുള്ള വകയൊരുക്കാനാണ് ഗ്രീന്‍ഫീല്‍ഡില്‍ കോഹ്‌ലിയും സംഘവുമിറങ്ങുന്നത്. അതേസമയം തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചത് മത്സരത്തെ ബാധിക്കുമോ എന്ന തരത്തില്‍ ആശങ്കകള്‍ നിലനിന്നിരുന്നു. എന്നാല്‍ കളിയെ ബാധിക്കില്ലെന്നാണ് അഗ്നിശമനസേനയുടെ വിലയിരുത്തല്‍.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിക്കുകയോ സമനിലയാവുകയോ ചെയ്താല്‍ വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ എട്ടാം പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. അതേ സമയം കാര്യവട്ടത്ത് ജയിച്ച് ടെസ്റ്റിലെ നാണക്കേട് ഒഴിവാക്കലാണ് വിന്‍ഡീസിന്റെ ലക്ഷ്യം.

നാലാം ഏകദിനത്തില്‍ നേടിയ വമ്പന്‍ ജയമാണ് ഇന്ത്യയുടെ ആത്മവിശ്വാസം. ബോളിങ് ഡിപ്പാര്‍ട്ട്‌മെന്റും ബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റും ഉജ്വല ഫോമിലായത് ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. പതിനായിരം റണ്‍സ് തികയ്ക്കാന്‍ ഒരു റണ്‍സ് മാത്രം അകലെയുള്ള ധോണിയുടെ ബാറ്റിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടി അമ്പാട്ടി റായിഡുവും ഫോമിലായതോടെ ഇന്ത്യയുടെ മധ്യ നിരയും ശക്തമായി.

ALSO READ: ഖഷോഗ്ജിയെ കോണ്‍സുലേറ്റില്‍ കയറിയ ഉടനെ ശ്വാസംമുട്ടിച്ചു കൊന്നു; മൃതദേഹം കഷ്ണങ്ങളാക്കി

കഴിഞ്ഞ മത്സരത്തില്‍ നിര്‍ണായകമായ ഖലീല്‍ അഹമ്മദിന് ഇന്നും അവസരം ലഭിച്ചേക്കും. ഖലീലിന് പുറമെ ബുംറയും ഭുവനേശ്വറും ചേരുമ്പോള്‍ ബാറ്റിങ് അനുകൂല പിച്ചില്‍ അല്‍ഭുതങ്ങള്‍ സംഭവിച്ചേക്കാം

മറുവശത്ത് വിന്‍ഡീസ് പ്രതീക്ഷയിലാണ്. കേരളത്തില്‍ ഇതുവരെ വിന്‍ഡീസ് തോറ്റിട്ടില്ല. ഷായ് ഹോപ്പിന്റേയും ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിന്റേയും ബാറ്റിങിലാണ് കരീബിയന്‍ പ്രതീക്ഷകള്‍. ഇവര്‍ക്കൊപ്പം ഷിംറോണ്‍ ഹെയ്റ്റ്‌മെയറും ചേരുമ്പോള്‍ വിന്‍ഡീസ് ജയം സ്വപ്‌നം കാണുന്നു.

ശക്തമല്ലാത്ത ബോളിങ് നിരയാണ് വിന്‍ഡീസിന്റെ വെല്ലുവിളി. ഇന്ത്യന്‍ ബാറ്റിങിനെ പിടിച്ചുകെട്ടാനുളള കരുത്ത് വിന്‍ഡീസ് ബോളിങിനില്ല. പരുക്കേറ്റ ആഷ്‌ലി നഴ്‌സ് ഇന്ന് കളിക്കുന്ന കാര്യം സംശയമാണ്.

Latest Stories

We use cookies to give you the best possible experience. Learn more