| Wednesday, 15th July 2026, 11:45 am

ഗില്ലിന് ഇക്കാര്യത്തില്‍ ഞാന്‍ ഫുള്‍ മാര്‍ക്ക് നല്‍കും: സഹീര്‍ ഖാന്‍

ഫസീഹ പി.സി.

ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. അക്സര്‍ പട്ടേലിന്റെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യന്‍ പടയ്ക്ക് വിജയമൊരുക്കിയത്.

ഇപ്പോള്‍ മത്സരത്തിലെ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. ഗുര്‍നൂര്‍ ബ്രാര്‍ ഒരു ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതും ജസ്പ്രീത് ബുംറ തിരിച്ചെത്തിയതും ഇന്ത്യയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയെന്നും ഇവിടെ ഗില്ലിന്റെ ക്യാപ്റ്റന്‍സിയിലെ വളരെ മികച്ചൊരു വശം കാണാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

സഹീർ ഖാൻ. Photo: Akshat/x.com

വിക്കറ്റുകള്‍ വീഴ്ത്തുന്നതിനെക്കുറിച്ചാണ് ഗില്‍ ചിന്തിച്ചതെന്നും ഗില്‍ ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്ത രീതിക്ക് താന്‍ ഫുള്‍ മാര്‍ക്കും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു സഹീര്‍ ഖാന്‍.

‘മത്സരത്തിന്റെ ഫോര്‍മാറ്റ് മാറുമ്പോള്‍, അതിനെ സമീപിക്കുന്ന രീതിയിലും മാറ്റം വരും. ഗുര്‍നൂര്‍ ബ്രാര്‍ ഒരൊറ്റ ഓവറില്‍ രണ്ട് ഓപ്പണിങ് വിക്കറ്റുകള്‍ വീഴ്ത്തിയതും, തുടര്‍ന്ന് ജസ്പ്രീത് ബുംറയെ തിരികെ കൊണ്ടുവന്നതും ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കി.

ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയിലെ വളരെ മികച്ചൊരു വശം അവിടെ നമുക്ക് കാണാന്‍ കഴിഞ്ഞു. അവന്‍ വളരെ അഗ്രസീവായിരുന്നു. വിക്കറ്റുകള്‍ വീഴ്ത്തുന്നതിനെക്കുറിച്ചാണ് അവന്‍ ചിന്തിച്ചത്. ഗില്‍ ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്ത രീതിക്ക് ഞാന്‍ ഫുള്‍ മാര്‍ക്കും നല്‍കും. അവന്‍ ഗുര്‍നൂര്‍ ബ്രാറിന്റെ എന്‍ഡ് മാറ്റിയ രീതി ടീമിന് വളരെയധികം ഗുണം ചെയ്തു,’ സഹീര്‍ ഖാന്‍ പറഞ്ഞു.

ശുഭ്മൻ ഗിൽ. Photo: BCCI/x.com

അതേസമയം, മത്സരത്തില്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. 75 പന്തില്‍ 80 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഒരു സിക്‌സറുകളും 11 ഫോറുകളും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്.

Content Highlight: Ind vs Eng: Zaheer Khan says that he will give him full marks to Shubman Gill for the way he rotated his bowlers

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

Latest Stories

We use cookies to give you the best possible experience. Learn more