പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ട് ടീം മുന്നിലാണ്. ആദ്യ ടെസ്റ്റിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ത്രീ ലയൺസ് ലീഡ് നേടിയത്.
ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. ഇന്ത്യ രണ്ടാം മത്സരത്തിൽ ജയവും പരമ്പരയിൽ ഇംഗ്ലണ്ടിനൊപ്പമെത്താനുമാണ് ലക്ഷ്യമിടുന്നത്.
രണ്ടാം മത്സരത്തിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ ഓപ്പണർ യശസ്വി ജെയ്‌സ്വാളിനെ കാത്തിരിക്കുന്നത് ഒരു സൂപ്പർ നേട്ടമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോഡാണ് ജെയ്‌സ്വാളിന് മുന്നിലുള്ളത്. ഇതിനായി ഇടം കൈയ്യൻ ബാറ്റർക്ക് വേണ്ടത് 97 റൺസ് മാത്രമാണ്.
നിലവിൽ ജെയ്‌സ്വാളിന് റെഡ് ബോൾ ക്രിക്കറ്റിൽ 1903 റൺസുണ്ട്. താരം തന്റെ ടെസ്റ്റ് കരിയറിൽ ഇത്രയും റൺസ് അടിച്ചെടുത്തത് വെറും 38 ഇന്നിങ്‌സുകളിൽ നിന്നാണ്. താരത്തിന് ഈ ഫോർമാറ്റിൽ അഞ്ച് സെഞ്ച്വറികളും പത്ത് അർധ സെഞ്ച്വറികളുമുണ്ട്. 52.86 ശരാശരിയിലും 65.44 സ്ട്രൈക്ക് റേറ്റിലുമാണ് ഇന്ത്യൻ ഓപ്പണർ ക്രിക്കറ്റിലെ ഏറ്റവും നീളം കൂടിയ ഫോർമാറ്റിൽ ബാറ്റേന്തുന്നത്.
വിരേന്ദ്രര്‍ സേവാഗും രാഹുൽ ദ്രാവിഡുമാണ് ഏറ്റവും വേഗത്തിൽ ടെസ്റ്റിൽ ഇന്ത്യയ്ക്കായി 2000 റൺസ് തികച്ച താരങ്ങൾ. ഇരുവരും 40 ഇന്നിങ്സിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. ഇംഗ്ലണ്ടിനെതിരെയുള്ള അടുത്ത മത്സരത്തിൽ ഈ നേട്ടത്തിൽ എത്താനായാൽ പുതു ചരിത്രം പിറക്കുമെന്ന് ഉറപ്പ്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ താരം സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയിരുന്നു. ഒന്നാം ഇന്നിങ്സിൽ 159 പന്തില്‍ നിന്ന് 101 റണ്‍സാണ് താരം നേടിയത്. രണ്ടാം മത്സരത്തിലും തന്റെ ഫോം തുടരാനായാൽ ജെയ്‌സ്വാളിന് ഈ നേട്ടം കൈപിടിലൊതുക്കാം.
Content Highlight: Ind vs Eng: Yashasvi Jaiswal needs 97 runs to become fastest Indian to score 2000 runs in Test Cricket and Surpass Virender Sehwag and Rahul Dravid