| Sunday, 6th July 2025, 1:35 pm

സിറാജോ ആകാശ് ദീപോ അല്ല, ഈ താരം ഇന്ത്യയുടെ മാച്ച് വിന്നറാകും; പ്രവചനവുമായി ഗവാസ്കർ

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തിലെ നാലാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 16 ഓവറുകൾ പിന്നിടുമ്പോൾ ആതിഥേയർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തിട്ടുണ്ട്. ഒലി പോപ്പും (44 പന്തിൽ 24), ഹാരി ബ്രൂക്കുമാണ് (15 പന്തിൽ 15) ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്.

സാക് ക്രോളി, ബെൻ ഡക്കറ്റ്, ജോ റൂട്ട് എന്നിവരെയാണ് ത്രീ ലയൺസിന് നഷ്ടമായത്. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശേഷിക്കുന്ന ഒരു വിക്കറ്റെടുത്തത് മുഹമ്മദ് സിറാജാണ്.

നേരത്തെ, രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സാണ് സ്വന്തമാക്കിയത്. ഇതോടെ 608 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ആതിഥേയര്‍ക്ക് മുമ്പില്‍ വെച്ചു നീട്ടിയത്. നായകൻ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിലും വലിയ സ്കോർ കണ്ടെത്തിയത്.

ഗില്ലിന് പുറമെ, ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും മികച്ച പ്രകടനം നടത്തിയിരുന്നു. 118 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 69 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ഇപ്പോൾ ബാറ്റിങ്ങിലെ മികവിന് പിന്നാലെ ബൗളിങ്ങിലും താരത്തിന് മികച്ച പ്രകടനം കാഴ്ച്ച വെക്കാനാവുമെന്നും ടീമിന്റെ മാച്ച് വിന്നറാകാനും കഴിയുമെന്ന് പ്രവചിക്കുകയാണ് സുനിൽ ഗവാസ്കർ. ഉച്ച ഭക്ഷണത്തിന് തൊട്ട് മുമ്പോ അല്ലെങ്കിൽ അതിന് പിന്നാലെയോ ഗിൽ അവനെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

‘ജഡേജയ്ക്ക് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനും അവസാന ദിവസത്തെ മാച്ച് വിന്നറാകാനും സാധിക്കും. പന്ത് ടേൺ ചെയ്യാനുള്ള കഴിവും ബൗളിങ്ങിലെ കൃത്യതയും അവനെ ഒരുപാട് വിക്കറ്റുകൾ വീഴ്ത്തുന്നതിൽ സഹായിക്കും. ഉച്ച ഭക്ഷണത്തിന് തൊട്ട് മുമ്പോ അല്ലെങ്കിൽ അതിന് പിന്നാലെയോ അവനെ ഗിൽ പന്തേൽപ്പിക്കണം,’ ഗവാസ്കർ പറഞ്ഞു.

Content Highlight: Ind vs Eng: Sunil Gavaskar predicts that Ravindra Jadeja could be a match winner for India on day 5

We use cookies to give you the best possible experience. Learn more