പ്രഥമ ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ടിലെ ഹീഡിങ്‌ലീയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 85 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എടുത്തിട്ടുണ്ട്. യശസ്വി ജെയ്‌സ്വാൾ, ക്യാപ്‌റ്റൻ ശുഭ്മൻ ഗിൽ എന്നിവരുടെ ‘ഇരട്ട’ സെഞ്ച്വറിയാണ് ഇന്ത്യയെ ആദ്യ ദിനം തന്നെ മികച്ച സ്കോറിലെത്തിച്ചത്.
നിലവിൽ ക്യാപ്റ്റൻ ഗില്ലും വൈസ് ക്യാപ്റ്റൻ റിഷബ് പന്തുമാണ് ക്രീസിലുള്ളത്. 175 പന്തിൽ 16 ഫോറും ഒരു സിക്സുമടക്കം 127 റൺസുമായാണ് ഗിൽ ടീമിനെ മുന്നോട്ട് നയിക്കുന്നത്. ഒപ്പം പന്ത് 102 പന്തിൽ 65 റൺസുമായി ക്യാപ്റ്റന് കൂട്ടായുണ്ട്. രണ്ട് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഇപ്പോൾ പന്തിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് മുൻ ഇന്ത്യൻ നായകനും താരത്തിന്റെ വിമർശകനുമായ സുനിൽ ഗവാസ്കർ. പന്ത് സ്വയം നിയന്ത്രിച്ചാണ് കളിച്ചതെന്നും വലിയ ഷോട്ടുകൾ കളിക്കുന്നതിന് മുമ്പ് താരം നന്നായി സമയമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
പന്ത് ഒരു വലിയ പ്രതിഭയാണെന്നും അവൻ പ്രതിരോധിച്ച് കളിക്കുമ്പോൾ താരത്തിനെ ആർക്കും തടയാനാകില്ലെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.
‘പന്ത് സ്വയം നിയന്ത്രിച്ചാണ് കളിച്ചത്. സിക്‌സും ഫോറും അടിച്ച് കളിക്കുന്നതിന് മുമ്പ് അവൻ നന്നായി സമയമെടുത്താണ് ഇന്നിങ്‌സ് പടുത്തുയർത്തിയത്. അവൻ പ്രതിരോധിച്ച് കളിക്കുമ്പോൾ പന്തിന് ഒരുപാട് സമയം ലഭിക്കുന്നു.
അവൻ ഒരു വലിയ പ്രതിഭയാണ്. ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും പന്ത് സെഞ്ച്വറികൾ നേടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെ ബാറ്റ് ചെയ്യുമ്പോൾ, ആർക്കും അവനെ തടയാൻ കഴിയില്ല,’ ഗവാസ്കർ പറഞ്ഞു.
Content Highlight: Ind vs Eng: Sunil Gavaskar praises Rishabh Pant