| Tuesday, 5th August 2025, 5:05 pm

പരമ്പര നേടിയത് ഒട്ടും അഗ്രസ്സീവല്ലാത്ത മൂന്ന് ക്യാപ്റ്റന്‍മാര്‍; ഗില്ലിനോട് പലതും പറയാതെ പറഞ്ഞ് ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം സമനിലയില്‍ പിരിഞ്ഞതിന് പിന്നാലെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് വിജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍മാരെ കുറിച്ച് സംസാരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. തീര്‍ത്തും ശാന്തരായ മൂന്ന് ക്യാപ്റ്റന്‍മാരാണ് ഇംഗ്ലണ്ടില്‍ പരമ്പര സ്വന്തമാക്കിയതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ശുഭ്മന്‍ ഗില്‍ അവരില്‍ നിന്നും പഠിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

‘അജിത് വഡേക്കര്‍, കപില്‍ ദേവ്, രാഹുല്‍ ദ്രാവിഡ്, തീര്‍ത്തും ശാന്തരായ മൂന്ന് ക്യാപ്റ്റന്‍മാരാണ് ഇംഗ്ലണ്ടില്‍ പരമ്പര സ്വന്തമാക്കിയത്. ഇവര്‍ മൂന്ന് പേരും സക്‌സസ്ഫുള്ളായ ക്യാപ്റ്റന്‍മാരാണ്,’സോണി സ്‌പോര്‍ട്‌സില്‍ ഗവാസ്‌കര്‍ പറഞ്ഞു.

അജിത് വഡേക്കര്‍ | കപില്‍ ദേവ് | രാഹുല്‍ ദ്രാവിഡ്

പരമ്പരയില്‍ ഇംഗ്ലണ്ട് താരങ്ങളുമായി ശുഭ്മന്‍ ഗില്‍ വാഗ്വാദത്തിലേര്‍പ്പെട്ടതിനെ കുറിച്ചും ഗവാസ്‌കര്‍ സംസാരിച്ചു.

‘ഗില്‍ ലോര്‍ഡ്‌സില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മാഞ്ചസ്റ്ററില്‍ തീര്‍ത്തും ശാന്തനായി കാണപ്പെട്ടു. ആ സാഹചര്യത്തിലും അവന്‍ ജഡ്ഡുവിനെയും (രവീന്ദ്ര ജഡേജ) വാഷിയെയും (വാഷിങ്ടണ്‍ സുന്ദര്‍) അവന്‍ സെഞ്ച്വറി നേടാന്‍ അനുവദിച്ചു,’ ഗവാസ്‌കര്‍ പറഞ്ഞു.

ശുഭ്മന്‍ ഗില്‍

ഇതിനൊപ്പം വിരാട് കോഹ്‌ലിക്കെതിരെ ഒളിയമ്പും ഗവാസ്‌കര്‍ തൊടുത്തുവിട്ടു. മുന്‍ ഇന്ത്യന്‍ നായകനെ പേരെടുത്ത് പറയാതെയായിരുന്നു ഗവാസ്‌കറിന്റെ പരാമര്‍ശം.

‘പലരും റണ്‍സ് നേടുകയും വ്യക്തഗത നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശാന്തരായ ക്യാപ്റ്റന്‍മാരാണ് ഇംഗ്ലണ്ടില്‍ പരമ്പര സ്വന്തമാക്കിയത്. നിങ്ങളുടെ ക്യാപ്റ്റന്‍ തീര്‍ത്തും നിരാശനും ദേഷ്യക്കാരനുമാണെങ്കില്‍, താരങ്ങള്‍ തെറ്റ് ചെയ്യാനുള്ള സാധ്യതകളും കൂടും. താരങ്ങള്‍ ക്യാച്ച് വിടാന്‍ തുടങ്ങും, ഇത് ക്യാപ്റ്റന്‍മാരെ കൂടുതല്‍ ദേഷ്യപ്പെടുത്തും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

20 തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇതില്‍ വിജയം സ്വന്തമാക്കാന്‍ സാധിച്ചത് വെറും മൂന്ന് തവണ മാത്രം. 14 പരാജയങ്ങള്‍, ഇതില്‍ പലതും ഒറ്റ മത്സരം പോലും വിജയിക്കാതെ തോറ്റ പരമ്പരകള്‍. 2025ലേതടക്കം മൂന്ന് തവണ പരമ്പര സമനിലയിലും അവസാനിച്ചു.

ഏഴാം തവണ പര്യടനത്തിനെത്തിയ 1971ലാണ് ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടില്‍ വിജയിക്കുന്നത്. അജിത് വഡേക്കറിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0ന് സ്വന്തമാക്കി. ശേഷം മൂന്ന് പരമ്പരകള്‍ തോറ്റ ശേഷം 1986ല്‍ കപില്‍ ദേവിന് കീഴില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0നും വിജയിച്ചു.

2007ലാണ് ഇന്ത്യ മൂന്നാമതും അവസാനമായും ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കുന്നത്. പ്രഥമ പട്ടൗഡി ട്രോഫിക്കായുള്ള പോരാട്ടത്തില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0ന് സ്വന്തമാക്കുകയായിരുന്നു.

Content Highlight: IND vs ENG: Sunil Gavaskar advices Shubman Gill

We use cookies to give you the best possible experience. Learn more