| Wednesday, 18th June 2025, 7:39 am

അവൻ എന്നെ ഷോയ്‌ബ്‌ അക്തറിനെയും ഗ്ലെൻ മഗ്രാത്തിനെയും ഓർമിപ്പിക്കുന്നു; ഇന്ത്യൻ താരത്തിനെ പ്രശംസിച്ച് സ്റ്റുവർട്ട് ബ്രോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകർ വലിയ ആവേശത്തോടെയാണ് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി കാത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പരയാണിതെന്ന പ്രത്യേകതയുമുണ്ട്.

വമ്പൻ താരങ്ങൾ അരങ്ങൊഴിഞ്ഞതോടെ ഒരു യുവനിരയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങുക. പരമ്പരയ്ക്കായി ബി.സി.സി.ഐ നേരത്തെ തന്നെ 18 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു.

ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്.

ഇന്ത്യൻ സ്‌ക്വാഡിൽ വളരെ ആകാംഷയോടെ ഉറ്റുനോക്കുന്ന ഒരാളാണ് സൂപ്പർ താരം ജസ്പ്രീത് ബുംറ. ഇപ്പോൾ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്.

ബുംറ വളരെ പതുക്കെയാണെന്ന് തോന്നിപ്പിച്ച് വേഗത്തിൽ പന്തെറിയുന്നത് ബാറ്റർമാർക്ക് കളിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അത് തന്നെ ഷോയ്‌ബ്‌ അക്തറിനെ നേരിടുന്നത് ഓർമിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. താരത്തിന് ഗ്ലെൻ മഗ്രാത്തിന് സമാനമായ ബാലൻസാണെന്നും മുൻ ഇംഗ്ലണ്ട് താരം കൂട്ടിച്ചേർത്തു.

‘ബുംറ ഓടുമ്പോൾ അവൻ 70 മൈൽസ് വേഗത്തിലൊക്കെ പന്തെറിയുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുക. പക്ഷേ, 90ൽ എറിഞ്ഞ് നമ്മളെ ഞെട്ടിക്കും. അത് ബാറ്റർക്ക് കളിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. അത് എന്നെ എപ്പോഴും 100 മൈൽസിലൊക്കെ ഒരു പിഴവും വരുത്താതെ പന്തെറിയുന്ന ഷോയ്‌ബ്‌ അക്തറിനെ നേരിടുന്നത് ഓർമിപ്പിക്കുന്നു.

ബുംറയുടെ റൺഅപ്പ് വളരെ സ്ഥിരതയുള്ളതാണ്. ചെറിയ ചുവടുകൾ ഉപയോഗിച്ച് അവൻ സ്വയം നിയന്ത്രിക്കുന്നു. അവന് ഒരിക്കലും ബാലൻസ് നഷ്ടപ്പെടാറില്ല. ഞാൻ എപ്പോഴും ഗ്ലെൻ മഗ്രാത്തിന്റെ ബൗളിങ് ബാലൻസിനെ ആരാധിച്ചിരുന്നു. ബുംറയുടെ ബാലൻസും അദ്ദേഹത്തിൻ്റേതിന് സമാനമാണ്,’ ബ്രോഡ് പറഞ്ഞു.

ഇംഗ്ലണ്ട് സീരിസിൽ ശ്രദ്ധിക്കേണ്ട ഒരാളാണ് ബുംറയെന്നും എല്ലാ മത്സരത്തിലും കളിച്ചാൽ നിരവധി വിക്കറ്റുകൾ വീഴ്ത്താൻ സാധ്യതയുണ്ടെന്നും ബ്രോഡ് പറഞ്ഞു.

‘ബുംറ തീർച്ചയായും ശ്രദ്ധിക്കേണ്ട ഒരാളാണ്. അഞ്ച് മത്സരങ്ങളും കളിക്കുകയാണെങ്കിൽ അവൻ നിരവധി വിക്കറ്റുകൾ വീഴ്ത്താൻ സാധ്യതയുണ്ട്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ സാം കോൺസ്റ്റാസിനൊപ്പം ഏറ്റുമുട്ടിയതിന് ശേഷം ഉസ്മാൻ ഖവാജ പുറത്താക്കി നടത്തിയ ആഘോഷം എനിക്ക് ഇപ്പോഴും ഓർമയുണ്ട്.

എല്ലാ ഫാസ്റ്റ് ബൗളർമാർക്കും ആവശ്യമായ കടുത്ത മത്സര മനോഭാവമാണ് ബുംറയ്ക്കുള്ളത്. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിലാണ് അത് വികസിച്ചതെന്നാണ് എനിക്ക് തോന്നുന്നത്,’ ബ്രോഡ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്ബ് ബേത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടങ്, ക്രിസ് വോക്സ്

Content Highlight: Ind vs Eng: Stuart Broad talks about Jasprit Bumrah

Latest Stories

We use cookies to give you the best possible experience. Learn more