| Sunday, 15th June 2025, 3:29 pm

ഗിൽ ബാറ്റിങ്ങിൽ വ്യത്യസ്ത സമീപനം സ്വീകരിക്കണം; ഇന്ത്യൻ നായകന് ഉപദേശവുമായി ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകർ വലിയ ആവേശത്തോടെയാണ് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി കാത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതോടെ ഒരു യുവനിരയാണ് ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുക.

നേരത്തെ തന്നെ ബി.സി.സി.ഐ ഈ പരമ്പരയ്ക്കായി സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്.

ഇപ്പോൾ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ നായകൻ ഗിൽ ബാറ്റിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സൗരവ് ഗാംഗുലി. ഇംഗ്ലണ്ടിലെ സാഹചര്യം വ്യത്യസ്തമാണെന്നും ഗിൽ ബാറ്റിങ്ങിൽ വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. റേവ് സ്പോർട്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇംഗ്ലണ്ടിലെ സാഹചര്യം വ്യത്യസ്തമാണ്. സ്വിങ്ങും സീമും നന്നായി ഉണ്ടാകും, അപ്പോൾ ന്യൂ ബോൾ നേരിടുക ബുദ്ധിമുട്ടായിരിക്കും. ചിലപ്പോൾ, ഇന്ത്യ രണ്ട് വിക്കറ്റിന് 10 റൺസ് എന്ന നിലയിൽ എത്തുമ്പോൾ ഗില്ലിന് പുതിയ പന്ത് നേരിടേണ്ടിവരും. അപ്പോൾ അവൻ ബാറ്റിങ്ങിൽ വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കേണ്ടി വരും.

ഞാൻ അവന് എല്ലാവിധ ആശംസകളും നേരുന്നു! ടെസ്റ്റ് മത്സരത്തിലെ ബാറ്റിംഗ് മെച്ചപ്പെടുത്താൻ അവന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം ഒരു ടോപ് ഓർഡർ ബാറ്റ്സ്മാനാണ്,’ ഗാംഗുലി പറഞ്ഞു.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ഗിൽ കൂടുതൽ റൺസ് നേടേണ്ടതുണ്ടെന്നും മത്സരത്തിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് താരം ബാറ്റ് ചെയ്യേണ്ടതുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

‘ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ഗിൽ കൂടുതൽ റൺസ് നേടേണ്ടതുണ്ട്. പുതിയ പന്തിൽ തുടക്കത്തിൽ ഇത് ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ടീം 4 വിക്കറ്റിന് 20 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴും 2 വിക്കറ്റിന് 100 റൺസ് എന്ന നിലയിലായിരിക്കുമ്പോഴും വ്യത്യസ്തമായ രീതിയിലാണ് ബാറ്റ് ചെയ്യേണ്ടത്. അതിനാൽ, അദ്ദേഹം തന്റെ പ്രതിരോധം ശരിയാക്കുകയും ഓഫ് സ്റ്റമ്പിന് പുറത്ത് പന്തുകൾ ഒഴിവാക്കാനും പഠിക്കണം,’ ഗാംഗുലി പറഞ്ഞു.

Content Highlight: Ind vs Eng: Sourav Ganguly talks about new Indian Captain Shubhman Gill

We use cookies to give you the best possible experience. Learn more