| Wednesday, 23rd July 2025, 9:02 pm

ആദ്യ നാല് ഇന്നിങ്‌സില്‍ 585 റണ്‍സ്, അടുത്ത മൂന്ന് ഇന്നിങ്‌സില്‍ 34! ഒന്നുകില്‍ ബിഗ്, അല്ലെങ്കില്‍ ഫ്‌ളോപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണര്‍മാരായ കെ.എല്‍. രാഹുലിന്റെയും യശസ്വി ജെയ്സ്വാളിന്റെയും കരുത്തില്‍ ഇന്നിങ്സിന് അടിത്തറയൊരുക്കിയിരിക്കുകയാണ്.

ആദ്യ ദിനം ചായയ്ക്ക് പിരിയും മുമ്പ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 എന്ന നിലയിലാണ് ഇന്ത്യ. ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് രണ്ടാം സെഷനില്‍ മൂന്ന് മുന്‍നിര താരങ്ങളെയാണ് നഷ്ടപ്പെട്ടത്.

കെ.എല്‍. രാഹുല്‍ (98 പന്തില്‍ 46), യശസ്വി ജെയ്‌സ്വാള്‍ (107 പന്തില്‍ 58), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (23 പന്തില്‍ 12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. രാഹുലിനെ ക്രിസ് വോക്‌സും ജെയ്‌സ്വാളിനെ ലിയാം ഡോവ്‌സണും പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇന്ത്യന്‍ നായകനെ മടക്കിയത്.

ടീം സ്‌കോര്‍ 140ല്‍ നില്‍ക്കവെയാണ് ഇന്ത്യന്‍ ആരാധകരുടെ ഇടനെഞ്ചില്‍ ഇടിത്തീ വീഴ്ത്തി സ്‌റ്റോക്‌സ് ഗില്ലിനെ മടക്കിയത്. വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു താരത്തിന്റെ മടക്കം.

സ്റ്റോക്‌സിന്റെ അപ്പീലില്‍ അമ്പയര്‍ ഗില്‍ ഔട്ടെന്ന് വിധിയെഴുതുകയായിരുന്നു. എന്നാല്‍ അമ്പയറിന്റെ തീരുമാനത്തോട് വിയോജിച്ച ഇന്ത്യന്‍ നായകന്‍ റിവ്യൂ എടുത്തു. എന്നാല്‍ ഡി.ആര്‍.എസും ഇന്ത്യന്‍ നായകനെതിരെ വിധിയെഴുതിയതോടെ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റും നഷ്ടപ്പെടുകയായിരുന്നു.

പരമ്പരയില്‍ ഗില്ലിന്റെ മറ്റൊരു മോശം പ്രകടനമാണ് മാഞ്ചസ്റ്ററിലെ ആദ്യ ഇന്നിങ്‌സില്‍ ആരാധകര്‍ കണ്ടത്. ഒന്നുകില്‍ എതിര്‍ ടീം ആരാധകരെ കൊണ്ട് പോലും കയ്യടിപ്പിക്കുന്ന അസാമാന്യ പ്രകടനം, അല്ലെങ്കില്‍ സ്വയം നിരാശനാകുന്ന മോശം പ്രകടനം, ഗില്ലിന്റെ ഈ പരമ്പരയിലെ ഇതുവരെയുള്ള പ്രകടനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.

പരമ്പരയിലെ ആദ്യ നാല് ഇന്നിങ്‌സില്‍ രണ്ട് സെഞ്ച്വറിയും ഒരു ഡബിള്‍ സെഞ്ച്വറിയുമടക്കം 585 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തത്. ഒരു ഒറ്റയക്കവും ആദ്യ നാല് ഇന്നിങ്‌സില്‍ ഗില്ലിന്റെ പേരില്‍ കുറിക്കപ്പെട്ടു.

147, 8, 269, 161 എന്നിങ്ങനെയാണ് ആദ്യ നാല് ഇന്നിങ്‌സില്‍ ഗില്ലിന്റെ പ്രകടനം.

എന്നാല്‍ അടുത്ത മൂന്ന് ഇന്നിങ്‌സുകളെടുക്കുമ്പോള്‍ ഇന്ത്യന്‍ നായകന്‍ നിരാശപ്പെടുത്തിയത് നമുക്ക് കാണാം. 16, 6, 12 എന്നിങ്ങനെയാണ് ഗില്ലിന്റെ സ്‌കോര്‍.

മാഞ്ചസ്റ്ററിലെ ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയതിന് പകരമായി രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ തങ്ങള്‍ക്കായി വിരുന്നൊരുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: IND vs ENG: Shubman Gill’s batting performances

We use cookies to give you the best possible experience. Learn more