| Monday, 4th August 2025, 7:30 pm

ആദ്യ പരമ്പരയില്‍ തന്നെ കപിലിന്റെയും ദ്രാവിഡിന്റെയും ക്യാപ്റ്റന്‍സിക്കൊപ്പം; സേനയില്‍ സേനാനായകനായി ഗില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആരാധകരുടെ ഹൃദയമിടിപ്പ് നിലച്ച ഓവല്‍ ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2നാണ് സമനിലയില്‍ പിരിഞ്ഞത്.

ഓവലില്‍ ആറ് റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 367ന് പുറത്തായി.

സ്‌കോര്‍

ഇന്ത്യ: 224 & 396
ഇംഗ്ലണ്ട്: 247& 367 (T: 374)

ലീഡ്സില്‍ പരമ്പരയിലെ ആദ്യ മത്സരം തോറ്റുകൊണ്ടുതുടങ്ങിയ ഇന്ത്യ, ബെര്‍മിങ്ഹാമിലെ രണ്ടാം മത്സരത്തില്‍ ചരിത്ര വിജയം സ്വന്തമാക്കി. ലോര്‍ഡ്സില്‍ വിജയം കണ്‍മുമ്പില്‍ കണ്ട ശേഷം പരാജയപ്പെട്ടപ്പോള്‍ മാഞ്ചസ്റ്ററിലെ നാലാം മത്സരം സമനിലയിലും അവസാനിച്ചു. വിഖ്യാതമായ ഓവലിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ 2-2ന് പരമ്പര തോല്‍ക്കാതെ കാക്കുകയും ചെയ്തു.

ഇതോടെ സേന രാജ്യങ്ങളില്‍ ഒന്നിലധികം മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍മാരുടെ എലീറ്റ് ലിസ്റ്റിലും ഗില്‍ ഇടം നേടി. രോഹിത് ശര്‍മയടക്കമുള്ള ഇതിഹാസങ്ങളെ മറികടന്നുകൊണ്ടാണ് ഗില്‍ ഈ നേട്ടത്തിലെത്തിയത്.

സേന ടെസ്റ്റുകളില്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍

(താരം – മത്സരം – വിജയം എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 24 – 7

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി – 10 – 3

എം.എസ്. ധോണി – 23 – 3

അജിന്‍ക്യ രഹാനെ – 3 – 2

ശുഭ്മന്‍ ഗില്‍ – 5 – 2*

കപില്‍ ദേവ് – 6 – 2

രാഹുല്‍ ദ്രാവിഡ് – 7 – 2

ബിഷന്‍ സിങ് ബേദി – 7 – 2

സുനില്‍ ഗവാസ്‌കര്‍ – 10 – 2

സൗരവ് ഗാംഗുലി – 12 – 2

ജസ്പ്രീത് ബുംറ – 3 – 1

അനില്‍ കുംബ്ലെ – 4 – 1

അജിത് വഡേകര്‍ – 6 – 1

രോഹിത് ശര്‍മ – 6 – 1

അതേസമയം, ഈ വിജയത്തിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും ഇന്ത്യക്ക് സാധിച്ചു. അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് വീതം ജയവും തോല്‍വിയുമായി 28 പോയിന്റോടെയാണ് ഇന്ത്യ മൂന്നാമതെത്തിയത്. 46.67 ആണ് ഇന്ത്യയുടെ പോയിന്റ് ശതമാനം.

നംവബറിലാണ് ഇന്ത്യ അടുത്ത ടെസ്റ്റ് പരമ്പര കളിക്കുക. ഗാന്ധി-മണ്ഡേല ഫ്രീഡം ട്രോഫിക്കായി നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ഇന്ത്യയില്‍ പര്യടനത്തിനെത്തും.

ഫ്രീഡം ട്രോഫി

രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഇതില്‍ ആദ്യ മത്സരത്തിന് ഈഡന്‍ ഗാര്‍ഡന്‍സും രണ്ടാം ടെസ്റ്റിന് ബര്‍സാപരയും വേദിയാകും. 2023/24 സീസണില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയില്‍ അവസാനിച്ചിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: IND vs ENG: Shubman Gill joins the list of Indian captain with multiple SENA Test wins

We use cookies to give you the best possible experience. Learn more