| Monday, 16th June 2025, 8:40 am

ട്രോഫികളല്ല, എന്റെ ലക്ഷ്യം മറ്റൊന്ന്, അത് നേടാനായാലാണ് വിജയമായി ഞാൻ കണക്കാക്കുക; തുറന്നുപറഞ്ഞ് ഗിൽ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലും വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആവേശവും കെട്ടടങ്ങിയതോടെ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയ്ക്കാണ് ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്നത്. ഗംഭീര തിരിച്ചുവരവുകൾ കണ്ട ഈ വർഷം 18 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ടിൽ ഒരു പരമ്പര ജയിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

പരമ്പരയ്ക്കായി നേരത്തെ തന്നെ ബി.സി.സി.ഐ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.

ഇപ്പോൾ ടീമിലെ തന്റെ പുതിയ റോളിനെയും തന്റെ പ്രതീക്ഷകളെയും കുറിച്ച് സംസാരിക്കുകയാണ് ശുഭ്മൻ ഗിൽ. സ്വാഭാവികമായി നയിക്കാനും താൻ എങ്ങനെയാണോ അതുപോലെ പ്രകടിപ്പിക്കാനുമാണ് അജിത് അഗാർക്കറും ആഗ്രഹിക്കുന്നതെന്ന് താരം പറഞ്ഞു.

അവരുടെ അടുത്ത് നിന്ന് വലിയ സമ്മർദങ്ങൾ ഇല്ലെങ്കിലും താൻ തന്നിൽ തന്നെ ഒരുപാട് പ്രതീക്ഷകൾ വെച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സ്കൈ സ്പോർട്സിൽ ദിനേശ് കാർത്തിക്കുമായുള്ള ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ നായകൻ.

‘ഞാൻ ഗൗതി (ഗൗതം ഗംഭീർ) ഭായിയുമായും അജിത് (അജിത് അഗാർക്കർ) ഭായിയുമായും എന്റെ പുതിയ റോളിനെ കുറിച്ച് സംസാരിച്ചിരുന്നു. സ്വാഭാവികമായി നയിക്കാനും ഞാൻ എങ്ങനെയാണോ അതുപോലെ പ്രകടിപ്പിക്കാനുമാണ് അവർ എന്നിൽ നിന്ന് ആഗ്രഹിക്കുന്നത്. എന്റെ കഴിവുകൾക്കപ്പുറം ഞാൻ ഒന്നും ചെയ്യണമെന്ന് അവർ ആഗ്രഹിക്കുന്നില്ല.

അതിനാൽ, അവർ എന്റെ മേൽ ഒരു സമ്മർദവും ചെലുത്തുന്നില്ല. പക്ഷേ, ക്യാപ്റ്റൻ എന്ന നിലയിലും ഒരു താരമെന്ന നിലയിലും ഞാൻ എന്നിൽ തന്നെ ഒരുപാട് പ്രതീക്ഷകൾ വെച്ചിട്ടുണ്ട്. എന്റെ മുന്നോട്ടുള്ള വഴിയിൽ ഞാൻ അതിലാണ് ശ്രദ്ധ കൊടുക്കുക,’ ഗിൽ പറഞ്ഞു.

ട്രോഫികൾക്കപ്പുറം എല്ലാ താരങ്ങൾക്കും സുരക്ഷിതവും സന്തോഷവും തോന്നുന്ന ഒരു ടീമിനെ സൃഷ്ടിക്കുകയെന്നതാണ് താൻ ലക്ഷ്യമിടുന്നതെന്നും ഗിൽ കൂട്ടിച്ചേർത്തു.

‘ട്രോഫികളും കിരീടങ്ങളുമല്ല, എല്ലാ താരങ്ങൾക്കും സുരക്ഷിതവും സന്തോഷവും തോന്നുന്ന ഒരു ടീമിനെ സൃഷ്ടിക്കുകയെന്നതാണ് എന്റെ യഥാർത്ഥ ലക്ഷ്യം. ടൂർണമെന്റുകൾ, മത്സരങ്ങളുടെ എണ്ണം, ടീമിലെ നിരന്തരമായ മാറ്റങ്ങൾ എന്നിവ മൂലം അത് ബുദ്ധിമുട്ടാണെന്ന് എനിക്ക് അറിയാം. പക്ഷേ, അത് നേടാനായാൽ അതാണ് എന്റെ വിജയമായി ഞാൻ കണക്കാക്കുക,’ ഗിൽ പറഞ്ഞു.

Content Highlight: Ind vs Eng: Shubhman Gill talks about his expectations in Indian Cricket team

We use cookies to give you the best possible experience. Learn more