| Wednesday, 2nd July 2025, 6:18 pm

താണ്ഡവം തുടർന്ന് ജെയ്‌സ്വാൾ; ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിന്റെ ഇരട്ട സ്ട്രൈക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ നേരിടുന്നത്.

നിലവിൽ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിലാണ്. 25 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുത്തിട്ടുണ്ട്‌. ഓപ്പണർ കെ.എൽ രാഹുലിന്റെയും കരുൺ നായരുടെയും വിക്കറ്റുകളാണ്‌ ഇന്ത്യയ്ക്ക് നഷ്ടമായത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യാൻ എത്തിയത് പതിവ് പോലെ യശസ്വി ജെയ്‌സ്വാൾ – കെ.എൽ. രാഹുൽ സഖ്യമാണ്. എന്നാൽ ഇന്ത്യയ്ക്ക് തുടക്കം തന്നെ തിരിച്ചടി നേരിട്ടിരുന്നു. സ്കോർ ബോർഡിൽ 15 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ രാഹുലിന്റെ വിക്കറ്റ് നഷ്ടമായി.

ഒമ്പതാം ഓവർ എറിയാൻ എത്തിയ ക്രിസ് വോക്‌സിന്റെ പന്തിൽ താരം ബൗൾഡാവുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയ രാഹുലിന് 26 പന്തുകൾ നേരിട്ട് രണ്ട് റൺസ് മാത്രമാണ് നേടാനായത്. രാഹുൽ പുറത്തായപ്പോളും യശസ്വി ജെയ്‌സ്വാൾ ഒരറ്റത്ത് പിടിച്ചുനിന്നു.

വൺ ഡൗണായി എത്തിയത് കരുൺ നായരായിരുന്നു. രണ്ടാം വിക്കറ്റിൽ കരുൺ ജെയ്‌സ്വാളും ചേർന്ന് ഇന്ത്യൻ ഇന്നിങ്സിനെ പിടിച്ചുയർത്തി. ഇരുവരും 80 റൺസാണ് ഇന്ത്യൻ സ്കോറിലേക്ക് ചേർത്തത്. ശക്തമായി മുന്നേറിക്കൊണ്ടിരിക്കെ ബ്രൈഡന്‍ കാര്‍സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

സ്ഥാനക്കയറ്റം ലഭിച്ച കരുണിനെ കാർസ് ഹാരി ബ്രൂക്കിന്റെ കൈയിലെത്തിക്കുകയായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്ത് മിന്നൽ പ്രകടനം നടത്തിയ താരം 50 പന്തിൽ 31 റൺസെടുത്താണ് മടങ്ങിയത്.

നിലവിൽ യശസ്വി ജെയ്‌സ്വാളും നായകൻ ശുഭ്മൻ ഗില്ലുമാണ് ക്രീസിലുള്ളത്. ഓപ്പണർ ജെയ്‌സ്വാൾ അർധ സെഞ്ച്വറി നേടി കരുത്താനായാണ് ബാറ്റിങ് തുടരുന്നത്. ഇതുവരെ ഇടം കൈയ്യൻ ബാറ്റർ 69 പന്തിൽ 62 റൺസാണ് അടിച്ചെടുത്തത്. 11 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്ന് ഒന്നാം സെഷനിൽ ബൗണ്ടറി കടന്നത്. ആറ് പന്തിൽ ഒരു റൺസുമായി താരത്തിന് കൂട്ടായി ഗില്ലും ക്രീസിലുണ്ട്.

ഇന്ത്യ പ്ലെയിങ് ഇലവൻ

യശസ്വി ജെയ്‌സ്വാൾ, കെ.എൽ രാഹുൽ, കരുൺ നായർ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷബ് പന്ത്(വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയബ് ബഷീര്‍.

Content Highlight: Ind vs Eng: Second Test’s Day one Updates: India are Strong in position after session one

We use cookies to give you the best possible experience. Learn more