2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്നാണ് (മാര്‍ച്ച് അഞ്ച്) ഇംഗ്ലണ്ടുമായുമുള്ള മത്സരം അരങ്ങേറുക. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് ഈ മത്സരത്തിന് വേദിയാവുന്നത്.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ജീവന്‍ മരണപോരാട്ടത്തില്‍ ദൈവ ദൂതനെ പോലെ അവതരിച്ച മലയാളി താരം സഞ്ജു സാംസണ്‍ തന്നെയായിരിക്കും ശ്രദ്ധാകേന്ദ്രം. സെമിയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വെടിക്കെട്ട് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷകളത്രയും.
സഞ്ജു സാംസൺ. Photo: BCCI/x.com
എന്നാല്‍, സഞ്ജുവിന് ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ ആശങ്കകളേറെയാണ്. ഇംഗ്ലണ്ടിനെതിരെയും അവരുടെ സ്റ്റാര്‍ ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ക്കുമെതിരെ താരത്തിന് മോശം ട്രാക്ക് റെക്കോഡാണുള്ളത് എന്നതാണ് ഇതിന് കാരണം. ഇംഗ്ലണ്ടിനെതിരെ ടി – 20യില്‍ അഞ്ച് മത്സരങ്ങളിലാണ് സഞ്ജു കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.
2025 നടന്ന ബൈ ലാറ്ററല്‍ സീരിസിലെ അഞ്ച് ഇന്നിങ്‌സില്‍ സഞ്ജുവിന് നേടാനായത് വെറും 43 പന്തില്‍ 51 റണ്‍സ് മാത്രമാണ്. ഈ പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേടിയ 26 റണ്‍സാണ് ത്രീ ലയണ്‍സിനെതിരേ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 118.60 എന്ന സ്‌ട്രൈക്ക് റേറ്റും 10.20 ശരാശരിയുമാണ് താരത്തിനുള്ളത്.
ഈ അഞ്ച് ഇന്നിങ്‌സിലും സഞ്ജു പുറത്തായിരുന്നു. അതില്‍ മൂന്ന് തവണയും ആര്‍ച്ചറായിരുന്നു താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്. ഇതും സെമി ഫൈനലില്‍ 31കാരന് തലവേദന സൃഷ്ടിക്കുന്നതാണ്. വിക്കറ്റ് നല്‍കിയെന്നത് മാത്രമല്ല, ആര്‍ച്ചര്‍ക്കെതിരെ വലിയ സ്‌കോറുകള്‍ കണ്ടെത്താനും സഞ്ജുവിന് സാധിച്ചിട്ടില്ല.
ജോഫ്ര ആർച്ചർ. Photo: England Cricket/x.com
സഞ്ജുവിന് ആര്‍ച്ചര്‍ക്കെതിരെ 23 പന്തുകളില്‍ നിന്ന് 25 റണ്‍സാണ് ഇതുവരെ നേടാന്‍ സാധിച്ചിട്ടുള്ളത്. ശരാശരിയാകട്ടെ 8.33 മാത്രമാണ്. സ്റ്റാറ്റ്‌സ് ഇങ്ങനെയാണെങ്കിലും മലയാളി വിക്കറ്റ് കീപ്പര്‍ സെമിയിലും തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള സഞ്ജുവിന്റെ പുറത്താകാതെയുള്ള 97 റണ്‍സിന്റെ വെടിക്കെട്ടാണ് ഈ പ്രതീക്ഷയ്ക്ക് കരുത്ത് പകരുന്നത്. വിന്‍ഡീസ് ഒരുക്കിയ കെണികളില്‍ വീഴാതെ പിടിച്ചുനിന്നായിരുന്നു ഈഡന്‍ ഗാര്‍ഡന്‍സില്‍ സഞ്ജു ഈ അസാമാന്യ ഇന്നിങ്സ് കാഴ്ച വെച്ചത്.
Content Highlight: Ind vs Eng: Sanju Samson’s stats against Jofra Archer in T20I