| Wednesday, 22nd January 2025, 7:52 am

മെറിറ്റില്‍ വന്നവന്‍ ഒരുങ്ങുന്നത് ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിയെഴുതാന്‍; ഇതുവരെ സംഭവിച്ചിട്ടില്ല, ലക്ഷ്യത്തിനായി സഞ്ജുവിറങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്ക് തുടക്കമാവുകയാണ്. ജനുവരി 22ന് നടക്കുന്ന പരമ്പരയുടെ ആദ്യ മത്സരത്തിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

അഞ്ച് ടി-20കളാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക. ഈ കലണ്ടര്‍ ഇയറില്‍ ഇന്ത്യയുടെ ആദ്യ ഹോം മത്സരവും വൈറ്റ് ബോള്‍ മത്സരവുമാണിത്.

ചരിത്രത്തിലിതുവരെ സംഭവിക്കാത്ത ചരിത്ര നേട്ടത്തിനാണ് ഈഡന്‍ ഗാര്‍ഡന്‍സ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ടി-20 ഫോര്‍മാറ്റില്‍ ഉജ്ജ്വല ഫോമില്‍ തുടരുന്ന സഞ്ജുവിന് ഈ മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചാലാണ് ഈ റെക്കോഡിലേക്ക് നടന്നടുക്കാന്‍ സാധിക്കുക.

അന്താരാഷ്ട്ര ടി-20യില്‍ ഒന്നിലധികം തവണ ബാക് ടു ബാക് സെഞ്ച്വറികള്‍ നേടുന്ന താരമെന്ന നേട്ടമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ ലക്ഷ്യമിടുന്നത്. ഇതിന് മുമ്പ് നടന്ന മത്സരത്തില്‍, ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ അവസാന ടി-20യില്‍ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. കരിയറിലെ മൂന്നാം ടി-20 സെഞ്ച്വറിയാണ് സഞ്ജു അന്ന് പൂര്‍ത്തിയാക്കിയത്.

ജോഹനാസ്‌ബെര്‍ഗില്‍ നടന്ന മത്സരത്തില്‍ പുറത്താകാതെ 107 റണ്‍സാണ് സഞ്ജു നേടിയത്. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ സെഞ്ച്വറി നേടിയാല്‍ രണ്ട് തവണ തുടര്‍ച്ചയായ ടി-20 മത്സരങ്ങളില്‍ സെഞ്ച്വറിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കാനും സഞ്ജുവിന് സാധിക്കും.

നേരത്തെ, ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് തുടര്‍ച്ചയായ മത്സരങ്ങളില്‍ ടി-20ഐ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജു ഇടം നേടിയത്. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തിലാണ് ഇതിന് മുമ്പ് സഞ്ജു സെഞ്ച്വറി നേടിയത്.

ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ 111 റണ്‍സ് നേടിയ സഞ്ജു ഡര്‍ബനില്‍ 107 റണ്‍സ് നേടി ചരിത്രത്തിന്റെ ഭാഗമായി. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെയും സെഞ്ച്വറി നേടി ഇതുവരെയില്ലാത്ത ക്രിക്കറ്റ് റെക്കോഡ് സ്വന്തമാക്കാനാണ് മലയാളി താരം ഒരുങ്ങുന്നത്.

സഞ്ജുവടക്കം അഞ്ച് താരങ്ങള്‍ അന്താരാഷ്ട്ര ടി-20യില്‍ ബാക് ടു ബാക് സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ആര്‍ക്കും തന്നെ ആ നേട്ടം വീണ്ടും ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഈ റെക്കോഡാണ് ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് മുമ്പിലുള്ളത്.

കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് സഞ്ജു ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സഞ്ജുവിന് തന്റെ പ്രിയ സുഹൃത്ത് ബട്‌ലറിനും സംഘത്തിനുമെതിരെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കണം.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).

ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ ക്രേസ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, രെഹന്‍ അഹമ്മദ്, സാഖിബ് മഹമ്മൂദ്.

Content highlight: IND vs ENG: Sanju Samson aiming for a historic record

We use cookies to give you the best possible experience. Learn more