| Saturday, 21st June 2025, 2:28 pm

ഞാൻ അങ്ങനെയാണ് ചിന്തിച്ചിരുന്നത്, അതെന്റെ തെറ്റ്; തുറന്നുപറഞ്ഞ് മഞ്ജരേക്കർ

സ്പോര്‍ട്സ് ഡെസ്‌ക്

പ്രഥമ ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ടിലെ ഹീഡിങ്‌ലീയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 85 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എടുത്തിട്ടുണ്ട്. യശസ്വി ജെയ്‌സ്വാൾ, ക്യാപ്‌റ്റൻ ശുഭ്മൻ ഗിൽ എന്നിവരുടെ ‘ഇരട്ട’ സെഞ്ച്വറിയാണ് ഇന്ത്യയെ ആദ്യ ദിനം തന്നെ മികച്ച സ്കോറിലെത്തിച്ചത്.

നിലവിൽ ക്യാപ്റ്റൻ ഗില്ലും വൈസ് ക്യാപ്റ്റൻ റിഷബ് പന്തുമാണ് ക്രീസിലുള്ളത്. 175 പന്തിൽ 16 ഫോറും ഒരു സിക്സുമടക്കം 127 റൺസുമായാണ് ഗിൽ ടീമിനെ മുന്നോട്ട് നയിക്കുന്നത്. ഒപ്പം പന്ത് 102 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറുമടക്കം 65 റൺസുമായി ക്യാപ്റ്റന് കൂട്ടായുണ്ട്.

മത്സരത്തിൽ ഗിൽ നടത്തുന്ന പ്രകടനം താരത്തെ ക്യാപ്റ്റനാക്കിയപ്പോൾ എതിർത്തവർക്ക് ലഭിച്ച വലിയ തിരിച്ചടിയാണ്. ഗില്ലിന് വളരെ പ്രായം കുറവാണെന്നും വിദേശത്ത് താരത്തിന്റെ പ്രകടനം മോശമാണെന്നുമായിരുന്നു എതിർത്തവരുടെ പക്ഷം.

ഇപ്പോൾ താരത്തിനെ ക്യാപ്റ്റനാകുന്നതിനെ താനും എതിർത്തിരുന്നുവെന്നും എന്നാൽ തീരുമാനം തെറ്റായിരുന്നുവെന്നും തുറന്നുപറയുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ബുംറയാകും ക്യാപ്‌റ്റൻ ആകാൻ പറ്റുന്ന ലോജിക്കൽ ചോയ്സ് എന്നാണ് താൻ കരുതിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്ത് ഗിൽ ഇതുവരെ സ്വയം പൂർണമായി തെളിയിച്ചിട്ടില്ല എന്നതായിരുന്നു തങ്ങളുടെ ഏക ആശങ്കയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിയോ സ്റ്റാറിൽ സംസാരിക്കുകയായിരുന്നു സഞ്ജയ് മഞ്ജരേക്കർ.

‘ഞാൻ ഗില്ലിനെ ക്യാപ്റ്റനാക്കുന്നത്തിന് എതിരായിരുന്നു. ബുംറയാകും ക്യാപ്‌റ്റൻ ആകാൻ പറ്റുന്ന ലോജിക്കൽ ചോയ്സ് എന്നാണ് ഞാൻ കരുതിയിരുന്നത്. അപ്പോൾ ഞാൻ ഭാവിയെ കുറിച്ച് അധികം ചിന്തിക്കാതെയായിരുന്നു അങ്ങനെ കരുതിയത്. അത് ശരിയായ തീരുമാനമായിരുന്നില്ല.

ശുഭ്മാൻ ഗിൽ ക്യാപ്റ്റനെന്ന നിലയിൽ പരാജയപ്പെടുമായിരുന്നോ? ഒരിക്കലുമില്ല. ക്യാപ്റ്റൻസി അവനെ സമ്മർദത്തിലാക്കുകയോ കളിയെ ബാധിക്കുകയോ ചെയ്യില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.

വിദേശത്ത് ഗിൽ ഇതുവരെ സ്വയം പൂർണമായി തെളിയിച്ചിട്ടില്ല എന്നതായിരുന്നു ഞങ്ങളുടെ ഏക ആശങ്ക. ആ സാഹചര്യങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിയാത്ത ഒരാൾക്ക് ക്യാപ്റ്റൻസിയുടെ അധിക സമ്മർദം അമിതമാകുമോ എന്നതിലാണ് ചോദ്യങ്ങൾ ഉണ്ടായിരുന്നത്,’ മഞ്ജരേക്കർ പറഞ്ഞു.

Content Highlight: Ind vs Eng: Sanjay Manjrekar reveals that he was against appointing Shubhman Gill as India’s Test captain

We use cookies to give you the best possible experience. Learn more