| Wednesday, 25th June 2025, 3:13 pm

എന്തുകൊണ്ട് അത്തരമൊരു താരത്തിനെ കളിപ്പിക്കുന്നില്ല? ചോദ്യവുമായി സാബ കരീം

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 1-0ന് മുമ്പിലെത്തി.

സ്‌കോര്‍

ഇന്ത്യ: 471 & 364

ഇംഗ്ലണ്ട്: 465 & 373/5 (T: 371)

രണ്ട് ഇന്നിങ്സിലെയും മോശം ഫീല്‍ഡിങ്ങും ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ്ങും ഇന്ത്യയുടെ തോല്‍വിയ്ക്ക് കാരണമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ തന്നെ ആറ് ക്യാച്ചുകളാണ് ഇന്ത്യ പാഴാക്കിയത്. അതില്‍ മൂന്ന് ക്യാച്ചുകളും ബുംറയുടെ പന്തില്‍ ജെയ്‌സ്വാളായിരുന്നു വിട്ടുകളഞ്ഞത്.

കൂടാതെ, ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബൗളിങ്ങിൽ കരുത്ത് കാട്ടിയ ബുംറ രണ്ടാം ഇന്നിങ്സിൽ നിറം മങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഒപ്പം തന്നെ മറ്റ് ബൗളർമാർക്കും ഇംഗ്ലണ്ട് ബാറ്റർമാർക്ക് മേൽ സമ്മർദം ചെലുത്താനാവാത്തതും ഇന്ത്യയുടെ പരാജയത്തിൽ ഒരു നിർണായക ഘടകമാണ്.

ഇപ്പോൾ ഇന്ത്യൻ ബൗളിങ് യൂണിറ്റിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയാണ് മുൻ ഇന്ത്യൻ താരം സാബ കരീം. കുൽദീപ് യാദവിന്റെ പന്തുകൾ മനസിലാക്കാൻ ഇംഗ്ലണ്ട് ബാറ്റർമാർക്ക് ബുദ്ധിമുട്ടാണെന്നും എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യ താരത്തെ ടീമിൽ ഉൾപ്പെടുത്താതെന്നും അദ്ദേഹം ചോദിച്ചു.

കുൽദീപ് ഒരു അറ്റാക്കിങ് ബൗളറാണെന്നും ഇന്ത്യയ്ക്ക് ഇപ്പോൾ ആവശ്യം അത്തരമൊരു താരത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോണി സ്പോർട്സിൽ സംസാരിക്കുകയായിരുന്നു സാബ കരീം.

‘കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ നടന്ന ഹോം സീരിസിൽ കുൽദീപ് യാദവ് 17 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. അവന്റെ പന്തുകൾ ഇംഗ്ലണ്ട് ബാറ്റർമാർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. പിന്നെ എന്തുകൊണ്ടാണ് അത്തരമൊരു ബൗളറെ ഇന്ത്യ കളിപ്പിക്കാത്തത്?

അവനൊരു അറ്റാക്കിങ് ബൗളറാണ്. അങ്ങനെ ഒരാളെയാണ് ഇന്ത്യയ്ക്ക് ഇപ്പോൾ ആവശ്യം,’ സാബ കരീം പറഞ്ഞു.

ജൂണ്‍ രണ്ടിനാണ് ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി.

Content Highlight: Ind vs Eng: Saba Karim urges India to include Kuldeep Yadav in playing eleven

We use cookies to give you the best possible experience. Learn more