ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 336 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടൊപ്പമെത്തി.
ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 271ന് പുറത്തായി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ് കരുത്തിലും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങ് കരുത്തിലുമാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്.
മത്സരത്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി എത്തിയ യുവ താരം ആകാശ് ദീപ് ഇംഗ്ലണ്ടിന്റെ മണ്ണില്‍ മിന്നും പ്രകടനമാണ് നടത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകളാണ് താരം നേടിയത്. 4.68 എക്കോണമിയില്‍ 21.1 ഓവറുകളില്‍ പന്തെറിഞ്ഞായിരുന്നു താരത്തിന്റെ ഈ പ്രകടനം.
ഇപ്പോള്‍ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ആകാശ് ദീപില്‍ തനിക്ക് തീരെ ആത്മവിശ്വാസമുണ്ടായിരുന്നില്ലെന്നും പഴയ പന്തില്‍ മികച്ച പ്രകടനം നടത്താനാവില്ലെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞു.
മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ താന്‍ അത്ഭുതപ്പെട്ടെന്നും ഇങ്ങനെ തുടര്‍ന്നാല്‍ താരത്തെ നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു റോബിന്‍ ഉത്തപ്പ.
‘ആകാശ് ദീപിനെ ടീമിലെടുത്തപ്പോള്‍ എനിക്ക് അവനില്‍ തീരെ ആത്മവിശ്വാസമുണ്ടായിരുന്നില്ല. അവന്‍ ഒരു ന്യൂ ബൗള്‍ ബൗളറാണെന്നും പഴയ പന്തില്‍ മികച്ച പ്രകടനം നടത്താനാവില്ലെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഞാന്‍ അടക്കമുള്ളവരുടെ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് അവന്‍ തെളിയിച്ചു.
ആകാശ് ദീപ് മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. ഇങ്ങനെ തുടര്‍ന്നും പന്തെറിഞ്ഞാല്‍ അവനെ ടീമില്‍ നിലനിര്‍ത്തണം. ആ ട്രാക്കില്‍ അവന്‍ പന്തെറിഞ്ഞ പോലെ ചെയ്യാന്‍ സ്‌കില്‍ ആവശ്യമാണ്. അവന്റെ സ്‌പെല്ലില്‍ ആത്മവിശ്വാസമുണ്ടായിരുന്നെന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും,’ ഉത്തപ്പ പറഞ്ഞു.
Content Highlight: Ind vs Eng: Robin Uthappa talks about Akash Deep