| Thursday, 24th July 2025, 7:29 pm

ഇവന്റെ പരിക്കേറ്റ കാല്‍ തിരുത്തിയത് ഇന്ത്യയുടെ ചരിത്രം; ഐതിഹാസികം ഇരട്ടനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ 358 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടലുമായി ഇന്ത്യ. സായ് സുദര്‍ശന്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മോശമല്ലാത്ത ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

സായ് 151 പന്തില്‍ 61 റണ്‍സും ജെയ്‌സ്വാള്‍ 107 പന്തില്‍ 58 റണ്‍സും നേടി. 75 പന്തില്‍ 54 റണ്‍സ് നേടിയാണ് പന്ത് മടങ്ങിയത്. 46 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെയും 41 റണ്‍സടിച്ച ഷര്‍ദുല്‍ താക്കൂറിന്റെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.

റിഷബ് പന്തിന്റെ തളരാത്ത പോരാട്ടവീര്യത്തിനാണ് മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിച്ചത്. കാലിന് പരിക്കേറ്റ് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങേണ്ടി വന്നിട്ടും നിര്‍ണായക നിമിഷത്തില്‍ ക്രീസിലേക്ക് തിരികെയെത്തുകയും അര്‍ധ സെഞ്ച്വറി നേടുകയും ചെയ്താണ് പന്ത് മടങ്ങിയത്.

മൂന്ന് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഈ പ്രകടനത്തിന് പിന്നാലെ രണ്ട് ഐതിഹാസിക നേട്ടങ്ങളാണ് പന്ത് സ്വന്തമാക്കിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം സിക്‌സര്‍ നേടിയ താരമെന്ന നേട്ടമാണ് ഇതില്‍ ആദ്യം. 90 സിക്‌സറുകളാണ് തന്റെ അന്താരാഷ്ട്ര റെഡ് ബോള്‍ കരിയറില്‍ താരം സ്വന്തമാക്കിയത്.

തന്റെ 47ാം ടെസ്റ്റിലെ 82ാം ഇന്നിങ്‌സിലാണ് പന്ത് ഈ നേട്ടത്തിലെത്തിയത്.

ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

റിഷബ് പന്ത് – 82 – 90*

വിരേന്ദര്‍ സേവാഗ് – 178 – 90

രോഹിത് ശര്‍മ – 116 – 88

എം.എസ്. ധോണി – 144 – 78

രവീന്ദ്ര ജഡേജ – 125 – 74

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 329 – 69

ഇതിനൊപ്പം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലും താരം ഒന്നാമതെത്തി.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ 38 ടെസ്റ്റിലെ 67 ഇന്നിങ്‌സില്‍ നിന്നും 2731 റണ്‍സാണ് പന്ത് നേടിയത്. 43.34 എന്ന മികച്ച ശരാശരിയില്‍ ബാറ്റ് വീശുന്ന താരം ആറ് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തമാക്കിയിട്ടുണ്ട്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരം

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

റിഷബ് പന്ത് – 67 – 2,731*

രോഹിത് ശര്‍മ – 69 – 2,716

വിരാട് കോഹ്‌ലി – 79 – 2,617

ശുഭ്മന്‍ ഗില്‍ – 66 – 2,512

രവീന്ദ്ര ജഡേജ – 67 – 2,232

യശസ്വി ജെയ്‌സ്വാള്‍ – 43 – 2,089

അതേസമയം, മത്സരത്തില്‍ ബെന്‍ സ്‌റ്റോക്‌സിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയെ തളച്ചിട്ടത്. 24.0 ഓവര്‍ പന്തെറിഞ്ഞ താരം 72 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, ഷര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, അന്‍ഷുല്‍ കാംബോജ് എന്നിവരുടെ വിക്കറ്റുകളാണ് സ്‌റ്റോക്‌സ് വീഴ്ത്തിയത്.

ജോഫ്രാ ആര്‍ച്ചര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്രിസ് വോക്‌സും ലിയാം ഡോവ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: IND vs ENG: Rishabh Pant tops the list of most Test sixes by Indian

We use cookies to give you the best possible experience. Learn more