ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റ് മാഞ്ചസ്റ്ററില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മികച്ച ഒന്നാം ഇന്നിങ്‌സ് കെട്ടിപ്പടുത്താനുള്ള ഒരുക്കത്തിലാണ്.
ആദ്യ ദിനം ചായയ്ക്ക് പിരിയും മുമ്പ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 എന്ന നിലയിലാണ് ഇന്ത്യ. ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് രണ്ടാം സെഷനില്‍ മൂന്ന് മുന്‍നിര താരങ്ങളെയാണ് നഷ്ടപ്പെട്ടത്.
കെ.എല്‍. രാഹുല്‍ (98 പന്തില്‍ 46), യശസ്വി ജെയ്സ്വാള്‍ (107 പന്തില്‍ 58), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (23 പന്തില്‍ 12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. രാഹുലിനെ ക്രിസ് വോക്സും ജെയ്സ്വാളിനെ ലിയാം ഡോവ്സണും പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സാണ് ഇന്ത്യന്‍ നായകനെ മടക്കിയത്.
അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് ക്രീസിലെത്തി. സായ് സുദര്‍ശനൊപ്പം ഇന്നിങ്‌സ് കെട്ടിപ്പടുക്കവെ താരം റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരിക്കുകയാണ്. കാല്‍വിരലില്‍ പന്തടിച്ചുകൊണ്ടാണ് പന്ത് മടങ്ങിയത്. 48 പന്തില്‍ 37 റണ്‍സുമായി മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തവെയായിരുന്നു പന്തിന്റെ നിര്‍ഭാഗ്യകരമായ പുറത്താകല്‍.
എന്നാല്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങും മുമ്പ് ഒരു ടെസ്റ്റ് റെക്കോഡില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ മറികടക്കാനും പന്തിന് സാധിച്ചിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയിലാണ് പന്ത് രോഹിത്തിനെ മറികടന്നത്.
ഏറ്റവുമധികം ടെസ്റ്റ് സിക്‌സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ വിരേന്ദര്‍ സേവാഗ് മാത്രമാണ് പിന്തിന് മുമ്പിലുള്ള ഏക ഇന്ത്യന്‍ താരം. വെറും രണ്ട് സിക്‌സറുകള്‍ കൂടി നേടിയാല്‍ സേവാഗിനെ വീഴ്ത്താന്‍ പന്തിന് സാധിക്കും.
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സാണ് ഈ റെക്കോഡില്‍ ഒന്നാമതുള്ളത്. 133 ടെസ്റ്റ് സിക്‌സറുകളാണ് സ്‌റ്റോക്‌സ് നേടിയത്. എന്നാല്‍ പന്തിന്റെ ഇരട്ടിയിലധികം മത്സരങ്ങള്‍ സ്റ്റോക്‌സ് കളിച്ചിട്ടുണ്ട്. ഈ ഫോമില്‍ തന്നെ പന്ത് തുടരുകയാണെങ്കില്‍ ഏറെ വൈകാതെ സ്റ്റോക്‌സിനെയും താരത്തിന് മറികടക്കാന്‍ സാധിച്ചേക്കും.
(താരം – ടീം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)
ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് – 205 – 133
ബ്രെണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 176 – 107
ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 137 – 100
ടിം സൗത്തി – ന്യൂസിലാന്‍ഡ് – 156 – 98
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 182 – 98
ജാക് കാല്ലിസ് – ഐ.സി.സി, സൗത്ത് ആഫ്രിക്ക – 280 – 97
വിരേന്ദര്‍ സേവാഗ് – ഐ.സി.സി, ഇന്ത്യ – 180 – 91
ഏയ്ഞ്ചലോ മാത്യൂസ് – ശ്രീലങ്ക – 212 – 90
റിഷബ് പന്ത് – ഇന്ത്യ – 82 – 89*
രോഹിത് ശര്‍മ – ഇന്ത്യ – 116 – 88
ബ്രയാന്‍ ലാറ – ഐ.സി.സി, വെസ്റ്റ് ഇന്‍ഡീസ് – 232 – 88
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യയ്ക്ക് സായ് സുദര്‍ശന്റെ വിക്കറ്റും നഷ്ടപ്പെട്ടിരിക്കുകയാണ്. ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ബ്രൈഡന്‍ കാര്‍സിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. 151 പന്തില്‍ 61 റണ്‍സാണ് സായ് അടിച്ചെടുത്തത്.
നിലവില്‍ 74 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 എന്ന നിലയിലാണ് ഇന്ത്യ. 18 പന്തില്‍ പത്ത് റണ്‍സുമായി രവീന്ദ്ര ജഡേജയും ഒരു പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ ഷര്‍ദുല്‍ താക്കൂറുമാണ് ക്രീസില്‍.
Content Highlight: IND vs ENG: Rishabh Pant surpassed Rohit Sharma in most Test sixes