| Sunday, 13th July 2025, 11:53 am

ദേ വീണ്ടും പന്ത്! സൂപ്പര്‍ നേട്ടത്തില്‍ സാക്ഷാല്‍ ധോണിക്കൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ വീണ്ടും ചരിത്രം കുറിക്കുകയാണ് വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത്. ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ മിന്നും പ്രകടനം നടത്തിയാണ് താരം പുതിയ പുതിയ നേട്ടങ്ങള്‍ കൊയ്യുന്നത്.

ലോര്‍ഡ്സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 387 റണ്‍സെടുത്തിരുന്നു. അതില്‍ 74 റണ്‍സ് പന്തിന്റെ ബാറ്റില്‍ നിന്നായിരുന്നു. പരിക്കിനിടെ 112 പന്തുകള്‍ നേരിട്ടാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മറ്റൊരു അര്‍ധ സെഞ്ച്വറി കൂടി നേടിയത്. രണ്ട് സിക്സും എട്ട് ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇത് ഇംഗ്ലണ്ടില്‍ ടെസ്റ്റില്‍ പന്തിന്റെ എട്ടാമത്തെ 50+ പ്ലസ് സ്‌കോറായിരുന്നു.

ഇതോടെ ഒരു സൂപ്പര്‍ നേട്ടമാണ് പന്തിന് സ്വന്തമാക്കാനായത്. ഇംഗ്ലണ്ടില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന സന്ദര്‍ശക ടീം വിക്കറ്റ് കീപ്പറാവാനാണ് താരത്തിന് സാധിച്ചത്. പന്ത് ഈ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുടെ റെക്കോഡിനൊപ്പമാണ്.

ഇംഗ്ലണ്ടില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന സന്ദര്‍ശക ടീം വിക്കറ്റ് കീപ്പര്‍, എണ്ണം

റിഷബ് പന്ത് – 8

എം.എസ്. ധോണി – 8

ജോണ്‍ വെയ്റ്റ് – 7

റോഡ് മാര്‍ഷ് – 6

പന്തിന് പുറമെ, കെ.എല്‍ രാഹുലും മിന്നും പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നടത്തിയത്. 177 പന്തില്‍ 13 ഫോറുകള്‍ ഉള്‍പ്പെടെ 100 റണ്‍സാണ് മൂന്നാം മത്സരത്തില്‍ താരം സ്‌കോര്‍ ചെയ്തത്. കൂടാതെ, ജഡേജ 131 പന്തില്‍ 72 റണ്‍സ് എടുത്തും തിളങ്ങി.

അതേസമയം, മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയിട്ടുണ്ട്. ഒരു ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സ് എടുത്താണ് ആതിഥേയര്‍ മൂന്നാം ദിനം അവസാനിപ്പിച്ചത്. സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റുമാണ് ക്രീസിലുള്ളത്.

Content Highlight: Ind vs Eng: Rishabh Pant equals with  MS Dhoni’s record of most 50+ score in England in Tests

We use cookies to give you the best possible experience. Learn more