ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ മികച്ച സ്‌കോറുമായി ഇന്ത്യ. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 എന്ന നിലയിലാണ്.
സെഞ്ച്വറി പൂര്‍ത്തിയാക്കിയ ക്യാപ്റ്റനും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വൈസ് ക്യാപ്റ്റനുമാണ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ തുടരുന്നത്. ശുഭ്മന്‍ ഗില്‍ 175 പന്തില്‍ 127 റണ്‍സും റിഷബ് പന്ത് 102 പന്തില്‍ 65 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.
ഈ പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് കരിയറിലെ സുപ്രധാന നാഴികക്കല്ല് മറികടക്കാനും റിഷബ് പന്തിന് സാധിച്ചു. അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 3,000 റണ്‍സ് പൂര്‍ത്തിയാക്കിയാണ് പന്ത് തിളങ്ങുന്നത്.
ഈ ഇന്നിങ്‌സിന് മുമ്പ് 2948 റണ്‍സാണ് പന്തിന്റെ പേരിലുണ്ടായിരുന്നത്. 52 റണ്‍സ് കൂടി കണ്ടെത്തിയാല്‍ ഈ റെക്കോഡിലെത്താമെന്നിരിക്കെ അവിടംകൊണ്ടും നിര്‍ത്താതെ വൈസ് ക്യാപ്റ്റന്‍ കുതിക്കുകയാണ്.
ഇതിനൊപ്പം സേന രാജ്യങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോഡില്‍ ഇന്ത്യന്‍ ലെജന്‍ഡ് ധോണിയെ വെട്ടി ഒന്നാം സ്ഥാനത്തെത്താനും റിഷബ് പന്തിന് സാധിച്ചു.
(താരം – റണ്‍സ് എന്നീ ക്രമത്തില്‍)
റിഷബ് പന്ത് – 1734*
എം.എസ്. ധോണി – 1731
ഫാറൂഖ് എന്‍ജിനീയര്‍ – 1099
സയ്യിദ് കിര്‍മാണി – 785
കിരണ്‍ മോറെ – 627
ആദ്യ വിക്കറ്റില്‍ കെ.എല്‍. രാഹുലും യശസ്വി ജെയ്സ്വാളും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 91 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 78 പന്ത് നേരിട്ട് 42 റണ്‍സ് നേടിയ രാഹുലിനെ മടക്കിയാണ് ഇംഗ്ലണ്ട് കൂട്ടുകെട്ട് പൊളിച്ചത്. ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്റെ മടക്കം.
പിന്നാലെയെത്തിയ അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ നിരാശപ്പെടുത്തി. തന്റെ ആദ്യ ടെസ്റ്റ് ഇന്നിങ്സില്‍ പൂജ്യം റണ്‍സുമായാണ് സായ് മടങ്ങിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ ജെയ്മി സ്മിത്തിന്റെ കൈകളിലൊതുങ്ങിയാണ് താരം തിരിച്ചുനടന്നത്.
നാലാം നമ്പറില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ഗില്ലിന്റെ മികച്ച പ്രകടനത്തിനാണ് ശേഷം ലീഡ്സ് സാക്ഷ്യം വഹിച്ചത്. യശസ്വി ജെയ്സ്വാളിനെ ഒപ്പം കൂട്ടി 129 റണ്‍സിന്റെ കൂട്ടുകെട്ടാണ് താരം മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ഒരു വശത്ത് ഗില്ലും മറുവശത്ത് ജെയ്സ്വാളും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. സ്റ്റോക്സ് തന്ത്രങ്ങള്‍ മാറി മാറി പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.
ടീം സ്‌കോര്‍ 221ല്‍ നില്‍ക്കവെ ഇംഗ്ലണ്ടിന് ആശ്വാസമായി ജെയ്സ്വാളിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 158 പന്ത് നേരിട്ട് 101 റണ്‍സിനാണ് താരം മടങ്ങിയത്. 16 ഫോറും ഒരു സിക്സറുമടക്കം നേടി നില്‍ക്കവെ ബെന്‍ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു ജെയ്സ്വാളിന്റെ മടക്കം.
പിന്നാലെയെത്തിയ റിഷബ് പന്തും മികച്ച രീതിയില്‍ ബാറ്റ് വീശി. ഐ.പി.എല്ലില്‍ കേട്ട വിമര്‍ശനങ്ങള്‍ക്കും പഴികള്‍ക്കും തന്റെ സ്ട്രോങ് ഏരിയയായ ടെസ്റ്റിലൂടെ മറുപടി നല്‍കാനാണ് പന്ത് ഒരുങ്ങുന്നത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
കെ.എല്‍. രാഹുല്‍, യശസ്വി ജെയ്സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയബ് ബഷീര്‍.
Content Highlight: IND vs ENG: Rishabh Pant completed 3000 test runs