| Monday, 23rd June 2025, 8:45 pm

തിരുത്തിയത് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം; ട്വിന്‍ ടണ്‍ പന്ത് അഥവാ മാന്‍ മേഡ് ഫോര്‍ ടെസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യ കണ്ട് എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ താനാണെന്ന് അടിവരയിട്ടുകൊണ്ടാണ് ലീഡ്‌സ് ടെസ്റ്റില്‍ റിഷബ് പന്ത് തിളങ്ങിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി തിളങ്ങിയ താരം രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി പൂര്‍ത്തിയാക്കി.

140 പന്ത് നേരിട്ട് 118 റണ്‍സാണ് പന്ത് രണ്ടാം ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. മൂന്ന് സിക്‌സറും 15 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ഷോയ്ബ് ബഷീറിന്റെ പന്തില്‍ സാക്ക് ക്രോളിക്ക് ക്യാച്ച് നല്‍കിയായിരുന്നു പന്ത് തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

കരിയറിലെ എട്ടാം സെഞ്ച്വറി നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ഇതില്‍ ആറും ഇന്ത്യയ്ക്ക് പുറത്തുള്ള വേദികളിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഹെഡിങ്‌ലി ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഒരു ചരിത്ര നേട്ടവും പന്ത് സ്വന്തമാക്കി. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്ര നേട്ടമാണ് റിഷബ് രാജേന്ദ്ര പന്ത് സ്വന്തമാക്കിയത്.

ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന ഏഴാം ഇന്ത്യന്‍ താരമെന്ന റെക്കോഡും പന്ത് സ്വന്തമാക്കി.

ഇതിനൊപ്പം മറ്റൊരു റെക്കോഡും താരം തന്റെ പേരിന് നേരെ കുറിച്ചു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും പന്തിന് സാധിച്ചു.

ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 17

ആന്‍ഡി ഫ്‌ളവര്‍ – സിംബാബ്‌വേ – 12

ലെസ് ആമെസ് – ഇംഗ്ലണ്ട് – 8

റിഷബ് പന്ത് – ഇന്ത്യ – 8*

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി നിര്‍ണായകമായ ശുഭ്മന്‍ ഗില്ലും യശസ്വി ജെയ്‌സ്വാളും രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയപ്പോള്‍ കെ.എല്‍. രാഹുലിനൊപ്പം നിര്‍ണായകമായ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് പന്ത് ഇന്ത്യയെ താങ്ങി നിര്‍ത്തിയത്. നാലാം വിക്കറ്റില്‍ 195 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

അതേസമയം, നാലാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 298 എന്ന നിലയിലാണ് ഇന്ത്യ. 227 പന്തില്‍ 120 റണ്‍സുമായി രാഹുലും 12 പന്തില്‍ നാല് റണ്‍സുമായി കരുണ്‍ നായരുമാണ് ക്രീസില്‍.

Content Highlight: IND vs ENG: Rishabh Pant becomes the first Indian batter to score century in both innings of a test in England

We use cookies to give you the best possible experience. Learn more