ഐ.പി.എല്ലും വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആവേശവും കെട്ടടങ്ങിയതോടെ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയ്ക്കാണ് ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്നത്. 18 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ടിൽ ഒരു പരമ്പര ജയിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
പരമ്പരയ്ക്കായി നേരത്തെ തന്നെ ബി.സി.സി.ഐ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
ഇപ്പോൾ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്ന ഫാസ്റ്റ് ബൗളർമാരെയും പേസ് ഓൾറൗണ്ടർമാരെയും തെരഞ്ഞെടുക്കുകയാണ് മുൻ ഇന്ത്യൻ താരവും പരിശീലകനായുമായ രവി ശാസ്ത്രി. താൻ ഷാർദുൽ താക്കൂറിനൊപ്പം മൂന്ന് ഫാസ്റ്റ് ബൗളർമാരെയും തന്റെ ടീമിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരായിരിക്കും ടീമിലെ ഫാസ്റ്റ് ബൗളർമാരെന്നും ലീഡ്സിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് അർഷ്ദീപ് സിങ്ങിനെ ഉൾപ്പെടുത്തിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഷാർദുൽ താക്കൂറിനൊപ്പം മൂന്ന് ഫാസ്റ്റ് ബൗളർമാരെയും ഞാൻ തെരഞ്ഞെടുക്കും. ഷർദുൽ, നിതീഷ് റെഡ്ഡി എന്നിവരിൽ ആരെ ഉൾപ്പെടുത്തണമെന്ന് ആരാണ് കൂടുതൽ ഓവറുകൾ എറിയുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. റെഡ്ഡിക്ക് 12 മുതൽ 14 ഓവർ വരെ എറിയാൻ കഴിയുമെങ്കിൽ, അവന്റെ ബാറ്റിങ് മുൻതൂക്കം നൽകിയേക്കാം.
പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരായിരിക്കും എന്റെ ടീമിലെ ഫാസ്റ്റ് ബൗളർമാർ. എന്നിരുന്നാലും, ലീഡ്സിലെ കാലാവസ്ഥ മൂടിക്കെട്ടിയതും മേഘാവൃതവുമാണെങ്കിൽ, ഇടംകൈയ്യൻ ബൗളർ അർഷ്ദീപ് സിങ്ങിനെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ, പ്രസിദ്ധ് കൃഷ്ണയോ അർഷ്ദീപോ ആയിരിക്കും ടീമിൽ ഇടം നേടുക, പക്ഷേ സിറാജും ബുംറയും തീർച്ചയായും ടീമിൽ ഉണ്ടാകും,’ രവി ശാസ്ത്രി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹർഷിത് റാണ
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്
ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്ബ് ബേത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടങ്, ക്രിസ് വോക്സ്
Content Highlight: Ind vs Eng: Ravi Shastri select fast bowlers and pace allrounders in Indian team