| Wednesday, 16th July 2025, 4:29 pm

ഓവല്‍ ടെസ്റ്റ് ഒരു ത്രില്ലറായിരിക്കും: രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പൊരുതി തോറ്റിരുന്നു. ചെറിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 22 റണ്‍സിന്റെ തോല്‍വിയായിരുന്നു വഴങ്ങിയത്. ആതിഥേയര്‍ ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ അനായാസ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ ആതിഥേയരുടെ ബൗളിങ് യൂണിറ്റിന് മുമ്പില്‍ പതറുകയായിരുന്നു. ഒരു ഘട്ടത്തില്‍ മികച്ച നിലയിലായിരുന്നെങ്കിലും മുന്‍നിര ബാറ്റര്‍മാര്‍ വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ മടങ്ങിയത് തിരിച്ചടിയാവുകയായിരുന്നു.

എന്നാല്‍, രവീന്ദ്ര ജഡേജക്കൊപ്പം വാലറ്റം അവസാന നിമിഷം വരെ പോരാടി. ജഡേജ പുറത്താവാതെ അര്‍ധ സെഞ്ച്വറിയുമായി പിടിച്ച് നിന്നെങ്കിലും ജയത്തിനരികെ ഇന്ത്യയ്ക്ക് കാലിടറുകയായിരുന്നു. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.

പരമ്പരയിലെ മൂന്നാം മത്സരം തന്നെ 2021ലെ ലോര്‍ഡ്സ് ടെസ്റ്റിനെ ഓര്‍മിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അന്നും സമാന സ്‌കോറുകളും ബാറ്റിങ് തകര്‍ച്ചയും ഉണ്ടായിരുന്നുവെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഈ മത്സരം എന്നെ 2021ലെ ലോര്‍ഡ്സ് ടെസ്റ്റിനെ ഓര്‍മിപ്പിച്ചു. അന്ന് ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്തത്. സ്‌കോറുകള്‍ വളരെ സാമ്യമുള്ളതായിരുന്നു. ഇരു കൂട്ടരും 300 റണ്‍സിന് മുകളില്‍ എടുത്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഒരു തകര്‍ച്ചയും നേരിട്ടിരുന്നു. പക്ഷെ അന്ന് ഇന്ത്യ ജയിച്ചിരുന്നു,’ ശാസ്ത്രി പറഞ്ഞു.

നിലവിലെ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടിയുള്ളതിനാല്‍ എന്തും സംഭവിക്കുമെന്നും ശാസ്ത്രി പറഞ്ഞു. കുറച്ച് കൂടി ഭാഗ്യമുണ്ടായിരുന്നെങ്കില്‍ ഇന്ത്യ 3 – 0 ന് മുന്നിലാകുമായിരുന്നുവെന്നും മുന്‍ പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

‘ഈ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ബാക്കിയിട്ടുണ്ട്. അതുകൊണ്ട് എന്തും സംഭവിക്കാം. ഇന്ത്യയ്ക്ക് അടുത്ത മത്സരത്തില്‍ തിരിച്ച് വരവ് നടത്താന്‍ കഴിയും. അങ്ങനെയായാല്‍ ഓവല്‍ ടെസ്റ്റ് ഒരു ത്രില്ലറായിരിക്കും. ഈ പരമ്പരയിലെ മൂന്ന് മത്സരങ്ങളും ആവേശകരമായിരുന്നു. കുറച്ച് ഭാഗ്യമുണ്ടായിരുന്നെങ്കില്‍ ഇന്ത്യ 3 – 0 ന് മുന്നിലാകുമായിരുന്നു,’ ശാസ്ത്രി പറഞ്ഞു.

Content Highlight: Ind vs Eng: Ravi Shastri says third test is similar to Lord’s of 2021

We use cookies to give you the best possible experience. Learn more