| Tuesday, 8th July 2025, 5:07 pm

ഗില്ലിന്റെ ഇന്നിങ്‌സിന് പത്തില്‍ പത്ത്, ബ്രാഡ്മാനെ പോലെ ബാറ്റ് ചെയ്തു: രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫി നടന്നു കൊണ്ടിരിക്കുകയാണ്. രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിച്ചതോടെ ഈ പരമ്പര 1 – 1 സമനിലയിലായിരുന്നു. രണ്ടാം മത്സരത്തില്‍ നായകന്‍ ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

രണ്ടാം മത്സരത്തില്‍ താരം 430 റണ്‍സാണ് നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയാണ് ഇത്രയും റണ്‍സ് താരം സ്‌കോര്‍ ചെയ്തത്.

ഇപ്പോള്‍ താരത്തിനെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. ഗില്ലിന്റെ ഇന്നിങ്‌സിന് താന്‍ പത്തില്‍ പത്ത് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ പരമ്പരയില്‍ പിന്നിലായപ്പോള്‍ വന്ന് ബ്രാഡ്മാനെ പോലെ ബാറ്റ് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൈ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു രവി ശാസ്ത്രി.

‘ഒരു ക്യാപ്റ്റന്റെ മികച്ച പ്രകടനമാണ് അവന്‍ നടത്തിയത്. അവന്റെ ഇന്നിങ്‌സിന് ഞാന്‍ പത്തില്‍ പത്ത് നല്‍കും. നിങ്ങള്‍ പരമ്പരയില്‍ 1 – 0 ത്തിന് പിന്നിലായിരുന്നു. അപ്പോള്‍ അവന്‍ വന്ന് ബ്രാഡ്മാനെ പോലെ ബാറ്റ് ചെയ്തു. അത് ഇന്ത്യയ്ക്ക് വിജയം കൊണ്ടുവന്നു,’ ശാസ്ത്രി പറഞ്ഞു.

ഇന്ത്യ ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ചരിത്രത്തില്‍ ആദ്യമായി വിജയം സ്വന്തമാക്കിയാണ് ഈ പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പമെത്തിയത്. 336 റണ്‍സിന്റെ കൂറ്റന്‍ ജയമായിരുന്നു ഇന്ത്യ നേടിയത്.

മത്സരത്തില്‍ ഗില്ലിന് പുറമെ, ഫാസ്റ്റ് ബൗളര്‍മാരായ ആകാശ് ദീപും മുഹമ്മദ് സിറാജും മികച്ച പ്രകടനം നടത്തിയിരുന്നു. ആകാശ് പത്ത് വിക്കറ്റുകള്‍ എടുത്തപ്പോള്‍ സിറാജ് ഏഴ് വിക്കറ്റുകളും നേടി.

Content Highlight: Ind vs Eng: Ravi Shastri says Shubhman Gill batted like Bradman

We use cookies to give you the best possible experience. Learn more