പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയർ മുമ്പിലെത്തി.
രണ്ട് ഇന്നിങ്സിലുമായി അഞ്ച് സെഞ്ച്വറികളുണ്ടായിരുന്നിട്ടും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. മത്സരത്തിലുടനീളം മേൽ കൈ നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഇന്ത്യയ്ക്ക് മുതലാക്കാനായിരുന്നില്ല. രണ്ടാം ഇന്നിങ്സിൽ ബുംറയടക്കമുള്ള ബൗളർമാർ ഒന്നടങ്കം നിറം മങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതിനെല്ലാം പുറമെ ഇന്ത്യയുടെ മോശം ഫീൽഡിങ്ങും തോൽവിയ്ക്ക് കാരണമായി.
ഇപ്പോൾ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ശുഭ്മൻ ഗിൽ പ്രതീക്ഷിച്ചതിലേറെ മികച്ച പ്രകടനം കാഴ്ച്ച വെച്ചുവെന്നും ഇന്ത്യ ക്യാച്ചിങ്ങിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
പരിശീലക സംഘത്തിന് ടീമിൽ വലിയൊരു പങ്കു വഹിക്കാനുണ്ടെന്നും ചിലപ്പോൾ, ഡ്രസ്സിങ് റൂമിൽ കളിക്കാരോട് പരിശീലകൻ കർശനമായി പെരുമാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇന്ത്യ മത്സരത്തിൽ നിന്ന് ലഭിച്ച പോസ്റ്റീവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ശുഭ്മൻ ഗിൽ പ്രതീക്ഷിച്ചതിലേറെ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. അവന് ഒരു സെഞ്ച്വറിയും നേടി. ടീമിൽ അഞ്ച് സെഞ്ച്വറികളുണ്ടായിരുന്നു. ഇനി അടിസ്ഥാന കാര്യങ്ങളിലാണ്, പ്രത്യേകിച്ച് ക്യാച്ചിങ്ങിലാണ് മാറ്റം വരേണ്ടത്. അത്തരം കാര്യങ്ങൾ ഗില്ലിന്റെ പരിധിക്കപ്പുറമാണ്.
ടീമെന്ന നിലയിൽ ഇന്ത്യ ക്യാച്ചിങ്ങിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. കൂടാതെ, ബാറ്റർമാർ അവരുടെ വിക്കറ്റിന് കൂടുതൽ മൂല്യം കൽപ്പിക്കുകയും കഴിയുന്ന സാഹചര്യങ്ങളിൽ അടിച്ച് കളിക്കുകയും ചെയ്യണം. പരിശീലക സംഘത്തിന് ടീമിൽ വലിയൊരു പങ്കു വഹിക്കാനുണ്ട്. ചിലപ്പോൾ, ഡ്രസ്സിങ് റൂമിൽ കളിക്കാരോട് പരിശീലകൻ കർശനമായി പെരുമാറേണ്ടതുണ്ട്. തോറ്റെങ്കിലും ഈ മത്സരത്തിൽ നിരവധി പോസിറ്റീവുകൾ ഉണ്ടായിരുന്നു,’ ശാസ്ത്രി പറഞ്ഞു.
Content Highlight: Ind vs Eng: Ravi Shastri demands action from Gautham Gambhir after defeat against England