| Tuesday, 22nd July 2025, 3:04 pm

മൂന്നാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദര്‍ ഇറങ്ങട്ടെ: ആര്‍. അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ നാലാം ടെസ്റ്റിലാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ജൂലൈ 23 മുതല്‍ 27 വരെ മാഞ്ചസ്റ്ററില്‍ നടക്കുന്ന അടുത്ത മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. നിലവില്‍ ആതിഥേയരായ ഇംഗ്ലണ്ട് പരമ്പരയില്‍ 2 – 1ന് മുന്നിലാണ്. ലീഡ്സിലും ലോര്‍ഡ്‌സിലും ജയിച്ചാണ് ആതിഥേയര്‍ പരമ്പരയില്‍ മുന്‍തൂക്കം നേടിയത്.

ഇന്ത്യയ്ക്ക് ബെര്‍മിങ്ഹാമില്‍ വെച്ച് നടന്ന രണ്ടാം ടെസ്റ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. അതിനാല്‍ തന്നെ പ്രതീക്ഷ നിലനിര്‍ത്താനും സമനില നേടാനും സന്ദര്‍ശകര്‍ക്ക് വിജയം അനിവാര്യമാണ്. മത്സരത്തിന് മുന്നോടിയായി പല സീനിയര്‍ താരങ്ങളും ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിച്ചിരുന്നു.

ഇപ്പോള്‍ വളരെ സര്‍പ്രൈസ് താരത്തെ മൂന്നാം നമ്പറില്‍ ഇറക്കണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. മൂന്നാമനായി വാഷിങ്ടണ്‍ സുന്ദറിനെ ഇറക്കി കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്ന് താരം പറഞ്ഞു.

ജഡേജ ടീമിലുള്ളതിനാല്‍ തന്റെ മൂന്നാം നമ്പര്‍ ചോയ്‌സ് വാഷിങ്ടണ്‍ സുന്ദറാണെന്നും ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറെ കുറച്ച് സ്പിന്നറെ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആര്‍. അശ്വിന്‍.

‘വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റിങ്ങില്‍ വിശ്വാസമുണ്ടെങ്കില്‍ അവനെ മൂന്നാം നമ്പറില്‍ ഇറക്കണം. എന്നിട്ട് കുല്‍ദീപ് യാദവിനെ കളിപ്പിക്കുക. ഒന്നെങ്കില്‍ കരുണ്‍ നായറിന് പകരം സായ് സുദര്‍ശനെ കൊണ്ടുവരുക, അല്ലെങ്കില്‍ സുന്ദര്‍ കളിക്കട്ടെ.

ജഡേജയുള്ളതിനാല്‍ ഞാന്‍ സുന്ദറിനെ തെരഞ്ഞെടുക്കും. പിന്നെ സായ് സുദര്‍ശനോ ധ്രുവ് ജുറെലോ കളിക്കട്ടെ. ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറെ കുറച്ച് സ്പിന്നറെ പിന്തുണക്കണം. നാലാം ഫാസ്റ്റ് ബൗളറുടെ റോളില്‍ കുല്‍ദീപിനെ കളിപ്പിക്കാം,’ അശ്വിന്‍ പറഞ്ഞു.

Content Highlight: Ind vs Eng: R. Ashwin suggests to play Washington Sundar at no. 3

We use cookies to give you the best possible experience. Learn more