| Thursday, 26th June 2025, 7:20 am

ബുംറ രണ്ടാം ടെസ്റ്റിൽ കളിക്കണം, ഒപ്പം ഈ താരവുമുണ്ടാവണം; നിർദേശവുമായി അശ്വിൻ

സ്പോര്‍ട്സ് ഡെസ്‌ക്

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയർ മുമ്പിലെത്തി.

ജൂണ്‍ രണ്ടിനാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. എന്നാൽ ഈ മത്സരത്തിൽ ബുംറ കളിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. താരത്തിന്റെ വര്‍ക്ക്‌ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വിവരം.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ താരത്തിന്റെ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നതിനായും ജോലി ഭാരം ലഘൂകരിക്കുന്നതിനായും ഒന്നിടവിട്ട ടെസ്റ്റുകളിലായിരിക്കും ബുംറ കളത്തിലിറങ്ങുക എന്ന് നേരത്തെ തന്നെ കോച്ച് ഗൗതം ഗംഭീർ വ്യക്തമാക്കിയിരുന്നു.

എന്നാലിപ്പോൾ അടുത്ത ടെസ്റ്റിലും ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറയുണ്ടാവണമെന്നാണ് മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ പറയുന്നത്. കൂടാതെ കുൽദീപ് യാദവിനെ പ്ലെയിങ് ഇലവനിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം നിർദേശിച്ചു. തന്റെ യൂട്യൂബ് ചാനലിലാണ് അശ്വിൻ അഭ്രിപ്രായം പറഞ്ഞത്.

‘ഇന്ത്യ ഇപ്പോൾ 1- 0 പിന്നിലാണെന്നതിനാൽ ബുംറയെ രണ്ടാം ടെസ്റ്റിൽ കളിപ്പിക്കണം. എന്നിട്ട് പരമ്പര സമനിലയിലാക്കാൻ ശ്രമിക്കണം. അതിനുശേഷം അവൻ ബ്രേക്ക് എടുക്കട്ടെ. മൂന്നാം ടെസ്റ്റിനും നാലാം ടെസ്റ്റിനുമിടയിൽ നല്ല സമയമുണ്ടെന്നതിനാൽ രണ്ടാം മത്സരം കളിച്ച് അവന് റെസ്റ്റ് എടുക്കാം.

കൂടാതെ, കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തുകയും വേണം. അതിൽ കൂടുതൽ മാറ്റങ്ങളൊന്നും ഇന്ത്യ വരുത്തേണ്ടതില്ല,’ അശ്വിൻ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സിൽ മിന്നും പ്രകടനമാണ് നടത്തിയത്. ആതിഥേയരെ ലീഡ് എടുക്കാൻ സമ്മതിക്കാതെ താരം ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്സിൽ 24.4 ഓവറുകൾ എറിഞ്ഞ് 83 റൺസ് മാത്രമാണ് താരം വിട്ടുനൽകിയത്.

Content Highlight: Ind vs Eng: R Ashwin says that Jasprit Bumrah should play and bring in Kuldeep Yadav in second test against England

We use cookies to give you the best possible experience. Learn more