ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടരുകയാണ്. ടോസ് നഷ്ടപ്പെട്ട് ഇന്ത്യയാണ് ആദ്യം ബാറ്റിങ്ങിനിറങ്ങിയത്.
നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിവസം അവസാനിപ്പിച്ചത്. സായ് സുദര്‍ശന്‍, യശസ്വി ജെയ്സ്വാള്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ ആദ്യ ദിനം സ്‌കോര്‍ ഉയര്‍ത്തി.
സായ് സുദര്‍ശന്‍ 151 പന്ത് നേരിട്ട് 61 റണ്‍സ് നേടിയപ്പോള്‍ ജെയ്സ്വാള്‍ 107 പന്തില്‍ 58 റണ്‍സും നേടി പുറത്തായി. 98 പന്തില്‍ 46 റണ്‍സ് നേടിയ കെ.എല്‍. രാഹുലാണ് മറ്റൊരു റണ്‍ഗെറ്റര്‍. ടെസ്റ്റ് കരിയറില്‍ സായ് സുദര്‍ശന്റെ ആദ്യ അര്‍ധ സെഞ്ച്വറിയാണിത്.
ഇപ്പോള്‍ സായ് സുദര്‍ശന്റെ പ്രകടനത്തെ പുകഴ്ത്തുകയാണ് ഇന്ത്യന്‍ ഇതിഹാസം ആര്‍. അശ്വിന്‍. നിര്‍ണായക ഘട്ടത്തില്‍ സായ് സുദര്‍ശന്‍ ക്രീസില്‍ നങ്കൂരമിട്ട് നിന്നെന്നും രാഹുല്‍ ദ്രാവിഡ്, ചേതേശ്വര്‍ പൂജാര എന്നിവരുടേതിന് സമാനമായ ആങ്കറിങ് ഇന്നിങ്‌സാണ് സായ് പുറത്തെടുത്തതെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.
‘നമ്മള്‍ ചേതേശ്വര്‍ പൂജാരയും രാഹുല്‍ ദ്രാവിഡും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. സായ് സുദര്‍ശന്‍ അത്തരത്തിലുള്ള ദൃഢതയാണ് കാഴ്ചവെച്ചത്. അവന് ലീവ് ചെയ്യേണ്ട ബോളുകളെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.
അവന്‍ പുറത്തായത് മികച്ച പന്തിലാണെന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ അവന്‍ കടുത്ത സമ്മര്‍ദങ്ങളെ അതിജീവിച്ചു. സായ് ആ റണ്‍സ് സ്വന്തമാക്കാനുള്ള അര്‍ഹത നേടിയെടുത്തു.
ഞാന്‍ അവന്റെ അഭ്യുദേയകാംക്ഷികളിലൊരാളാണ്, ഇക്കാരണം കൊണ്ടുതന്നെ ഞാന്‍ അല്‍പം നിരാശനുമാണ്. അവന്‍ ഏറെ അര്‍ഹിച്ച സെഞ്ച്വറി നഷ്ടപ്പെട്ടു. അവന് റണ്‍സ് നേടാന്‍ വല്ലാത്ത വാശിയുണ്ട്,’ അശ്വിന്‍ പറഞ്ഞു.
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യ 104 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് 317 റണ്‍സ് എന്ന നിലയിലാണ്. നിര്‍ണായക ഘട്ടത്തില്‍ 88 പന്ത് നേരിട്ട് 41 റണ്‍സ് നേടിയ ഷര്‍ദുല്‍ താക്കൂറാണ് ഇന്ത്യയെ 300 കടത്തിയത്.
ബെന്‍ സ്റ്റോക്‌സ് താക്കൂറിനെ പുറത്താക്കിയതിന് ശേഷം റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയ പന്ത് തിരികെ ക്രീസിലെത്തിയിരിക്കുകയാണ്. 52 പന്തില്‍ 38 റണ്‍സുമായി റിഷബ് പന്തും 70 പന്തില്‍ 18 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.
Content Highlight: IND vs ENG: R Ashwin praises Sai Sudarshan