ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ ദി ഓവലാണ് മത്സരം നടക്കുക. ഈ മത്സരത്തില്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് വിജയിക്കേണ്ടത് അനിവാര്യമാണ്. മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യക്ക് പരമ്പരതന്നെ നഷ്ടമാകും.
മത്സരത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ ആരെല്ലാമാണെന്ന് പ്രവചിച്ചിരിക്കുകയാണ്. ശുഭ്മന്‍ ഗില്‍ മിന്നും ഫോമിലാണെങ്കിലും ഓവലിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് ആനുകൂലമായതിനാല്‍ ഇന്ത്യയുടെ എക്‌സ്-ഫാക്ടര്‍ വാഷിങ്ടണ്‍ സുന്ദറോ അല്ലെങ്കില്‍ രവീന്ദ്ര ജഡേജയോ ആകുമെന്നാണ് പട്ടേല്‍ പറയുന്നത്. മാത്രമല്ല ജഡേജയും വാഷിയും മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ വിജയിക്കുമെന്നും പരമ്പര 2-2ന് സമനിലയാക്കാമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ശുഭ്മന്‍ ഗില്ലിന്റെ ഇപ്പോഴത്തെ ഫോമും നാലാം ടെസ്റ്റില്‍ അദ്ദേഹം കൈകാര്യം ചെയ്ത രീതിയും കണക്കിലെടുക്കുമ്പോള്‍, അദ്ദേഹം മികച്ച പ്രകടനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും ഇന്ത്യയുടെ എക്‌സ്-ഫാക്ടര്‍ വാഷിങ്ടണ്‍ സുന്ദറോ അല്ലെങ്കില്‍ രവീന്ദ്ര ജഡേജയോ ആകുമെന്നാണ് തോന്നുന്നത്. ഓവലിലെ ഡ്രിഫ്റ്റും ബൗണ്‍സും സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ്.
അവരില്‍ ഒരാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ നല്ല സാധ്യതയുണ്ട്. മത്സരത്തെക്കുറിച്ചുള്ള എന്റെ പ്രവചനം ഇന്ത്യ പരമ്പര 2-2 ന് സമനിലയിലാക്കുമെന്നാണ്,’ പാര്‍ത്ഥിവ് പട്ടേല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി നാലാം മത്സരത്തിലെ നിര്‍ണായകമായ അഞ്ചാം ദിനം വാഷിങ്ടണ്‍ സുന്ദറും (206 പന്തില്‍ 101*) രവീന്ദ്ര ജഡേജയും (158 പന്തില്‍ 107*). സെഞ്ച്വറി നേടി ബാറ്റിങ്ങിലും മികവ് തെളിയിച്ചിരുന്നു. അവസാന അങ്കത്തില്‍ ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി മികവ് പുലര്‍ത്തുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. മാത്രമല്ല ഓവലിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് ആനുകൂലമായതിനാല്‍ ഇന്ത്യ കുല്‍ദീപ് യാദവിനെയും ടീമിലെടുക്കാന്‍ സാധ്യതയുണ്ട്.
Content Highlight: Ind VS Eng: Parthiv Patel Talking About Ravindra Jadeja And Washington Sundar