ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം മത്സരത്തില്‍ റിഷബ് പന്തിന്റെ പകരക്കാരനെ പ്രഖ്യാപിച്ചു. ഇഷാന്‍ കിഷന് ടീമിന്റെ ഭാഗമാകാന്‍ സാധിക്കാത്തതിനാല്‍ തമിഴ്‌നാട് സൂപ്പര്‍ താരം നാരായണ്‍ ജഗദീശനാണ് അഞ്ചാം ടെസ്റ്റില്‍ പന്തിന് പകരക്കാരനായി ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമാകുന്നത്.
നേരത്തെ സൂപ്പര്‍ താരം ഇഷാന്‍ കിഷന്‍ അഞ്ചാം ടെസ്റ്റില്‍ പന്തിന്റെ പകരക്കാനായി ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ഇഷാന്‍ കിഷന്‍ പരിക്കിന്റെ പിടിയിലകപ്പെട്ടതോടെയാണ് ബി.സി.സി.ഐ പുതിയ താരത്തെ തേടിയത്.
നാരായണ്‍ ജഗദീശന്‍
ഇതുവരെ അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ജഗദീശന്‍ അരങ്ങേറിയിട്ടില്ല. ആഭ്യന്തര തലത്തില്‍ തമിഴ്‌നാടിന്റെ താരമായ നാരായണ്‍ ജഗദീശന്‍ 52 മത്സരത്തില്‍ നിന്നും 47.50 ശരാശരിയില്‍ 3,373 റണ്‍സ് നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ പത്ത് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 321 ആണ്.
വിക്കറ്റ് കീപ്പറുടെ റോളിലും ജഗദീശന്‍ മികച്ചുനില്‍ക്കുന്നുണ്ട്. 133 ക്യാച്ചുകളും 14 സ്റ്റംപിങ്ങുകളുമാണ് താരത്തിന്റെ പേരിലുള്ളത്.
ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റിനിടെയാണ് പന്തിന് പരിക്കേല്‍ക്കുന്നത്. ഇംഗ്ലണ്ട് സൂപ്പര്‍ പേസര്‍ ക്രിസ് വോക്‌സിന്റെ ടോ ക്രഷിങ് യോര്‍ക്കര്‍ അക്ഷരാര്‍ത്ഥത്തില്‍ താരത്തിന്റെ ടോ തകര്‍ക്കുകയായിരുന്നു. പരിക്കിന് പിന്നാലെ ഇന്നിങ്‌സ് പകുതിയില്‍ നിര്‍ത്തിയ പന്ത് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി.
ആറ് ആഴ്ചയോളം പന്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തന്റെ പരിക്കിനെ തെല്ലും വകവെക്കാതെ പന്ത് വീണ്ടും ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്. നിര്‍ണായക പ്രകടനം പുറത്തെടുത്ത ഷര്‍ദുല്‍ താക്കൂര്‍ പുറത്തായതിന് പിന്നാലെയാണ് പന്ത് ക്രീസിലെത്തിയത്.
പോരാട്ടവീര്യം മനസില്‍ നിറച്ച് പന്ത് വീണ്ടും ക്രീസിലെത്തുമ്പോള്‍ ആരാധകര്‍ ഒരേസമയം ആവേശത്തിലും ആശങ്കയിലുമാണ്. മരണത്തെ തോല്‍പ്പിച്ച് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയവന്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയ്ക്കായി സ്വയം മറന്ന് കളത്തിലിറങ്ങുമ്പോള്‍ നിലവിലെ പരിക്ക് വഷളാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.
അതേസമയം, പന്ത് ബാറ്റിങ്ങിനിറങ്ങുമെന്നും ധ്രുവ് ജുറെല്‍ വിക്കറ്റ് കീപ്പറാകുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 എന്ന നിലയിലാണ്. 55 പന്തില്‍ 39 റണ്‍സുമായി റിഷബ് പന്തും 72 പന്തില്‍ 20 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.
Content Highlight: IND vs ENG: Narayan Jagadeesan will replace Rishabh Pant in 5th Test