| Friday, 27th June 2025, 7:23 am

ബൗളർമാർ ഇക്കാര്യം ചെയ്യണം, എന്നാലേ ഇന്ത്യയ്ക്ക് വിജയിക്കാനാവൂ; തുറന്നുപറഞ്ഞ് ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്.

ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർമാർ രണ്ട് ഇന്നിങ്‌സുകളിലുമായി അഞ്ച് സെഞ്ച്വറികളാണ് അടിച്ചു കൂട്ടിയത്. എന്നിട്ടും ഇന്ത്യ മത്സരത്തിൽ ആതിഥേയരോട് പരാജയപ്പെടുകയായിരുന്നു. മത്സരത്തിലുടനീളം മേൽ കൈ നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഇന്ത്യയ്ക്ക് മുതലാക്കാനായിരുന്നില്ല.

രണ്ടാം ഇന്നിങ്സിൽ ബുംറയടക്കമുള്ള ബൗളർമാർ ഒന്നടങ്കം നിറം മങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതിനെല്ലാം പുറമെ ഇന്ത്യയുടെ മോശം ഫീൽഡിങ്ങും തോൽ‌വിയ്ക്ക് കാരണമായി.

ഇപ്പോൾ ഇന്ത്യയുടെ ബൗളിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് സൂപ്പർ താരം മുഹമ്മദ് ഷമി. മറ്റ് ഇന്ത്യൻ ബൗളർമാർ ബുംറയിൽ നിന്ന് പഠിക്കുകയും ബൗളിങ്ങിൽ താരത്തെ പിന്തുണക്കുകയും വേണമെന്ന് പറഞ്ഞു.

ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ പോരായ്മകളെ വിലയിരുത്തിയ താരം ബൗളിങ്ങും ഫീൽഡിങ്ങും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെയും കുറിച്ചും സംസാരിച്ചു. തന്റെ യൂട്യൂബ് ചാനലിലാണ് ഷമി അഭിപ്രായം പങ്കുവെച്ചത്.

‘മറ്റ് ഇന്ത്യൻ ബൗളർമാർ ബുംറയോട് സംസാരിക്കുകയും അവനിൽ നിന്ന് പഠിക്കുകയും വേണം. കൂടാതെ അവനെ ബൗളിങ്ങിൽ പിന്തുണക്കണം. എന്നാലേ ഇന്ത്യയ്ക്ക് വിജയിക്കാനാവൂ. ആദ്യ ടെസ്റ്റ് വിലയിരുത്തുമ്പോൾ ഇന്ത്യ ബൗളിങ് മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു.

മത്സരത്തിൽ ഷർദുൽ താക്കൂറും പ്രസിദ്ധ് കൃഷ്‍ണയും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. പക്ഷേ, മത്സരം അപ്പോഴേക്കും കൈവിട്ടിരുന്നു. ഇംഗ്ലണ്ടിൽ ബാറ്റിങ് ബുദ്ധിമുട്ടാണെന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാൽ നമ്മുടെ താരങ്ങൾ നന്നായി ബാറ്റ് ചെയ്തു.

ബൗളിങ്ങിലും ഫീൽഡിങ്ങിലുമാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. ബുംറയെ പിന്തുണക്കുകയും ന്യൂ ബോളിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുകയും വേണം. ഒരുപാട് റൺസ് വിട്ടുകൊടുത്തതുകൊണ്ടാണ് നമ്മൾ മത്സരത്തിൽ തോറ്റത്. അതിനാൽ, ബൗളിങ് ശക്തിപ്പെടുത്തേണ്ടതുണ്ട്,’ ഷമി പറഞ്ഞു.

Content Highlight: Ind vs Eng: Muhammed Shami urged Indian bowlers to learn from Jasprit Bumrah and support him in bowling

We use cookies to give you the best possible experience. Learn more