| Wednesday, 25th June 2025, 10:38 pm

ഗിൽ ആ താരത്തെക്കാൾ നന്നായി നയിച്ചു; പ്രശംസയുമായി മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ കഴിഞ്ഞ ദിവസം ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയർ മുമ്പിലെത്തി.

ഇംഗ്ലണ്ടിനെതിരെയായ മത്സരം ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റനായുള്ള ആദ്യ മത്സരമായിരുന്നു. വിദേശത്ത് മോശം ട്രാക്ക് റെക്കോഡുള്ള താരം ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയും നേടിയിരുന്നു. 227 പന്തുകൾ നേരിട്ട് 147 റൺസാണ് താരം ആദ്യ ഇന്നിങ്സിൽ നേടിയത്.

ഇപ്പോൾ താരത്തിന്റെ ക്യാപ്റ്റൻസിയെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഗിൽ ബുംറയെ നാല് ഓവറുകൾ വീതം അറിയിച്ച് മികച്ച പ്രകടനം നടത്തിയെന്നും താരം ബെൻ സ്റ്റോക്‌സിനേക്കാൾ നന്നായി നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഒന്നര ബൗളറെ വെച്ച് കളിക്കുന്ന നിസ്സഹായ ക്യാപ്റ്റനാണ് ഗില്ലെന്നും തന്റെ താരങ്ങളെ അവൻ നന്നായി ഉപയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു മുഹമ്മദ് കൈഫ്.

‘ഒരു യുവ ക്യാപ്റ്റൻ എന്ന നിലയിൽ ബുംറയ്ക്ക് നാല് ഓവറുകൾ വീതം നൽകി കൊണ്ടും റൊട്ടേറ്റ് ചെയ്തുകൊണ്ടും ഗിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. അവൻ ബെൻ സ്റ്റോക്‌സിനേക്കാൾ നന്നായി നയിച്ചു.

ഒന്നര ബൗളറെ വെച്ച് കളിക്കുന്ന നിസ്സഹായ ക്യാപ്റ്റനാണ് അവൻ. ഒരാൾ ബുംറയും ബാക്കി പകുതി ജഡേജയുമാണ്. മുഹമ്മദ് സിറാജിൽ നിന്നോ പ്രസീദ്ധ് കൃഷ്‌ണയിൽ നിന്നോ ഷർദുൽ താക്കൂറിൽ നിന്നോ അവർക്ക് പിന്തുണ ലഭിച്ചില്ല. ഒന്നര ബൗളറെ വെച്ച് ഒരു ടെസ്റ്റ് മത്സരം ജയിക്കാനാവില്ല. അവൻ മികച്ച രീതിയിലാണ് ടീമിനെ നയിച്ചത്. അവന്റെ തന്റെ താരങ്ങളെ നന്നായി ഉപയോഗിച്ചു,’ കൈഫ് പറഞ്ഞു.

ആദ്യ ഇന്നിങ്സിലെ ഗില്ലിന്റെ സെഞ്ച്വറി പ്രകടനത്തെ കുറിച്ചും കൈഫ് സംസാരിച്ചു. ഇംഗ്ലണ്ടിൽ സ്കോർ ചെയ്യുക എന്നത് ഗില്ലിന് പ്രധാനമായിരുന്നുവെന്നും ക്യാപ്റ്റൻസിക്ക് പുറമേ ബാറ്റ് ഉപയോഗിച്ച് പ്രകടനം നടത്താൻ കഴിയുമെന്ന് അവൻ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘ഈ പരമ്പരയിലെ ഗില്ലിന് ഇത് വലിയൊരു ടെസ്റ്റായതിനാൽ ഞാൻ അവനെ വളരെയധികം പ്രശംസിക്കും. ഇംഗ്ലണ്ടിൽ സ്കോർ ചെയ്യുക എന്നത് അവന് പ്രധാനമായിരുന്നു. ഇംഗ്ലണ്ടിൽ എങ്ങനെ കളിക്കണമെന്ന് ഗില്ലിന് അറിയില്ലെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ അവൻ സെഞ്ച്വറി നേടി ബാറ്റ് ഉപയോഗിച്ച് ടെസ്റ്റ് പാസായി. ക്യാപ്റ്റൻസിക്ക് പുറമേ, ബാറ്റ് ഉപയോഗിച്ച് പ്രകടനം നടത്താൻ കഴിയുമെന്ന് അവൻ തെളിയിച്ചു,’ കൈഫ് പറഞ്ഞു.

Content Highlight: Ind vs Eng: Muhammed Kaif praises Shubhman Gill’s captaincy

We use cookies to give you the best possible experience. Learn more