| Monday, 23rd June 2025, 9:17 pm

പന്തിന്റെ സെഞ്ച്വറിയില്‍ തകര്‍ന്ന് ഇന്ത്യയുടെ ടെസ്റ്റ് സെഞ്ച്വറി ചരിത്രം; ബാറ്റിങ് അവസാനിക്കും മുമ്പേ ഒന്നാമത്

സ്പോര്‍ട്സ് ഡെസ്‌ക്

ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക്. ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കെതിരെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

ആറ് റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പാളിയിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളും ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ 30 റണ്‍സാണ് അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ സ്വന്തമാക്കിയത്.

എന്നാല്‍ അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ പന്ത് കെ.എല്‍. രാഹുലിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. നാലാം വിക്കറ്റില്‍ 195 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഇരുവരും സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു.

140 പന്ത് നേരിട്ട് 118 റണ്‍സാണ് പന്ത് രണ്ടാം ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. മൂന്ന് സിക്‌സറും 15 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ഷോയ്ബ് ബഷീറിന്റെ പന്തില്‍ സാക്ക് ക്രോളിക്ക് ക്യാച്ച് നല്‍കിയായിരുന്നു പന്ത് തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

കരിയറിലെ എട്ടാം സെഞ്ച്വറി നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ഇതില്‍ ആറും ഇന്ത്യയ്ക്ക് പുറത്തുള്ള വേദികളിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.

അതേസമയം, രാഹുലാകട്ടെ 120 റണ്‍സുമായി ക്രീസില്‍ തുടരുകയാണ്.

ഇരുവരുടെയും സെഞ്ച്വറികള്‍ക്ക് പിന്നാലെ ഒരു ചരിത്ര റെക്കോഡും പിറവിയെടുത്തു. ഇന്ത്യയുടെ ഒരു ടെസ്റ്റ് മാച്ചില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടുന്നതിന്റെ റെക്കോഡാണിത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ റിഷബ് പന്തിന്റേതടക്കം മൂന്ന് സെഞ്ച്വറികള്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയിരുന്നു.

ഇന്ത്യയുടെ ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍

(സെഞ്ച്വറി – സെഞ്ച്വറി നേടിയ താരങ്ങള്‍ – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

5 – യശസ്വി ജെയ്‌സ്വാള്‍ | ശുഭ്മന്‍ ഗില്‍ | റിഷബ് പന്ത് x 2 | കെ.എല്‍. രാഹുല്‍ – ഇംഗ്ലണ്ട് – 2025*

4 – ദിനേഷ് കാര്‍ത്തിക് | വസീം ജാഫര്‍ | രാഹുല്‍ ദ്രാവിഡ് | സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ബംഗ്ലാദേശ് – 2007

4 – രാഹുല്‍ ദ്രാവിഡ് | എം.എസ്. ധോണി | ഗൗതം ഗംഭീര്‍ | സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ശ്രീലങ്ക – 2009

4 – വിരേന്ദര്‍ സേവാഗ് | സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ | വി.വി.എസ് ലക്ഷ്മണ്‍ | എം.എസ്. ധോണി – സൗത്ത് ആഫ്രിക്ക – 2010

4 – മുരളി വിജയ് | ചേതേശ്വര്‍ പൂജാര | വിരാട് കോഹ്‌ലി | രോഹിത് ശര്‍മ – ശ്രീലങ്ക – 2017

അതേസമയം, നാലാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 298 എന്ന നിലയിലാണ് ഇന്ത്യ. 227 പന്തില്‍ 120 റണ്‍സുമായി രാഹുലും 12 പന്തില്‍ നാല് റണ്‍സുമായി കരുണ്‍ നായരുമാണ് ക്രീസില്‍.

Content Highlight: IND vs ENG: Most 100s by India in a Test match

We use cookies to give you the best possible experience. Learn more