ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നിര്‍ണായകമായ അഞ്ചാം മത്സരം ലണ്ടനിലെ ഓവലില്‍ തുടരുകയാണ്. മികച്ച ടോട്ടല്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നത്. ഇതിനോടകം തന്നെ ഇന്ത്യയുടെ ലീഡ് 300 കടന്നിരിക്കുകയാണ്.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച നാല് വിക്കറ്റുകളും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം ദിവസം തന്നെ ഇംഗ്ലണ്ടിനെ പുറത്താക്കിയാണ് ഇന്ത്യ കരുത്ത് കാട്ടിയത്. ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും ഇന്ത്യയുടെ ബൗളിങ് യൂണിറ്റിന്റെ മികവാര്‍ന്ന പ്രകടനമാണ് ഓവലില്‍ ആരാധകര്‍ കണ്ടത്.
നാല് വിക്കറ്റ് വീതം സ്വന്തമാക്കി പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും കൊടുങ്കാറ്റഴിച്ചുവിട്ടു. ക്രിസ് വോക്സ് ആബ്സന്റ് ഹര്‍ട്ടായപ്പോള്‍ ആകാശ് ദീപാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
ക്യാപ്റ്റന്‍ ഒലി പോപ്പ്, ജോ റൂട്ട്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍ എന്നിവരുടെ വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്.
ഇതോടെ മുഹമ്മദ് സിറാജ് തറെ അന്താരാഷ്ട്ര കരിയറിലെ വിക്കറ്റ് വേട്ടയില്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. ടെസ്റ്റില്‍ 118 വിക്കറ്റുകള്‍ നേടിയ താരം ഏകദിനത്തില്‍ 71 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ 14 വിക്കറ്റുകളാണ് സിറാജിന്റെ സമ്പാദ്യം.
ഇതോടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ അന്താരാഷ്ട്ര വിക്കറ്റ് നേട്ടം മറികടക്കാനും സിറാജിന് സാധിച്ചെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. 201 വിക്കറ്റുകളാണ് സച്ചിന് അന്താരാഷ്ട്ര തലത്തിലുള്ളത്. സിറാജിനിപ്പോള്‍ നിലവില്‍ 203 വിക്കറ്റുകളുമുണ്ട്.
എന്നാല്‍ ഒരിക്കലും ഇതൊരു താരതമ്യമല്ലെന്നും ഇവര്‍ പറയുന്നുണ്ട്. പ്രോപ്പര്‍ ബൗളറായ സിറാജ് പാര്‍ട്ട് ടൈം ബൗളറായ സച്ചിനെയും വിക്കറ്റ് വേട്ടയില്‍ ഒരിക്കലും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും, സച്ചിനെ മറികടക്കാന്‍ സിറാജിന് ലഭിക്കുന്ന അത്യപൂര്‍വ അവസരമാണെന്നും ഇവര്‍ പറയുന്നു.
അന്താരാഷ്ട്ര വിക്കറ്റുകളുടെ നേട്ടത്തില്‍ സച്ചിനെ മറികടന്നെങ്കിലും ഏകദിന വിക്കറ്റുകളുടെ നേട്ടത്തില്‍ സച്ചിനെ മറികടക്കാന്‍ ഇനിയുമേറെ പന്തെറിയേണ്ടി വരും. ഏകദിനത്തില്‍ രണ്ട് ഫൈഫറും നാല് ഫോര്‍ഫറും അടക്കം 154 വിക്കറ്റുകള്‍ സച്ചിന്‍ വീഴ്ത്തിയിട്ടുണ്ട്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ പന്തെറിഞ്ഞ് വീഴ്ത്തിയ സിറാജ് ക്രിക്കറ്റ് ലെജന്‍ഡ് മുത്തയ്യ മുരളീധരന്റെ ഒരു ചരിത്ര നേട്ടത്തിനൊപ്പവുമെത്തി. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏഷ്യന്‍ താരമെന്ന നേട്ടമാണ് സിറാജ് സ്വന്തമാക്കിയത്. ആറ് ഫോര്‍ഫറുകളുമായി താരം മുത്തയ്യ മുരളീധരനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ്.
(താരം – ടീം – ഫോര്‍ഫര്‍ എന്നീ ക്രമത്തില്‍)
മുഹമ്മദ് സിറാജ് – ഇന്ത്യ – 6*
മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 6
വഖാര്‍ യൂനിസ് – പാകിസ്ഥാന്‍ – 6
ജസ്പ്രീത് ബുംറ – ഇന്ത്യ – 5
മുഹമ്മദ് ആമിര്‍ – പാകിസ്ഥാന്‍ – 5
യാസിര്‍ ഷാ – പാകിസ്ഥാന്‍ – 5
Content Highlight: IND vs ENG: Mohammed Siraj surpassed Sachin Tendulkar in International wickets