| Monday, 4th August 2025, 3:13 pm

ആയിരമെറിഞ്ഞവര്‍ രണ്ട് പേര്‍ മാത്രം, അതില്‍ ഒരുത്തന്‍ ഇന്ത്യയുടെ മാറ്റഡോര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് അവസാന ദിവസത്തിലേക്ക് കടക്കുകയാണ്. അഞ്ചാം ദിവസം ആതിഥേയര്‍ക്ക് 35 റണ്‍സ് നേടിയാല്‍ വിജയം സ്വന്തമാക്കാന്‍ സാധിക്കും. അതേസമയം, നാല് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ആവശ്യമുള്ളത്.

സ്‌കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)

ഇന്ത്യ: 224 & 396
ഇംഗ്ലണ്ട്: 247 & 339/6 (T:374)

ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും സെഞ്ച്വറി കരുത്തിലാണ് ആതിഥേയര്‍ നാലാം ദിവസം വിജയ ലക്ഷ്യത്തിലേക്ക് അതിവേഗം ഓടിയടുത്തത്. റൂട്ട് 152 പന്തില്‍ 105 റണ്‍സും ബ്രൂക്ക് 98 പന്തില്‍ 111 റണ്‍സും നേടിയാണ് മടങ്ങിയത്. മികച്ച ഫോമിലുള്ള ഇരുവരെയും നാലാം ദിവസത്തിന്റെ അവസാനത്തോടെയാണ് ഇന്ത്യ മടക്കിയത്.

ഇനി ലോവര്‍ മിഡില്‍ ഓര്‍ഡര്‍, ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാരാണ് ഇന്ത്യയ്ക്കും വിജയത്തിനും ഇടയില്‍ പ്രതിബന്ധമുയര്‍ത്തുന്നത്. 17 പന്ത് നേരിട്ട് രണ്ട് റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തും എട്ട് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ ജെയ്മി ഓവര്‍ട്ടണുമാണ് ക്രീസില്‍.

ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്‌സില്‍ പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സിറാജ് രണ്ട് വിക്കറ്റും ആകാശ് ദീപ് ഒരു വിക്കറ്റുമാണ് നേടിയത്.

മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും എക്കണോമിക്കലായി പന്തെറിയുന്നത്. ബുംറയുടെ അഭാവത്തില്‍ പേസ് യൂണിറ്റിന്റെ നായകത്വമേറ്റെടുത്ത താരം പരമ്പരയിലെ അഞ്ച് മത്സരത്തിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

വര്‍ക് ലോഡിന്റെ പരിഭവമേതുമില്ലാതെ പന്തെറിയുന്ന സിറാജാണ് ഇപ്പോള്‍ പരമ്പരയില്‍ ഏറ്റവുമധികം പന്തുകളെറിഞ്ഞ താരം. 1088 ഡെലിവെറികളാണ് അഞ്ചാം ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുന്നത് വരെ സിറാജ് എറിഞ്ഞുതീര്‍ത്തത്. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ് മാത്രമാണ് ഈ പരമ്പരയില്‍ 1,000 പന്തുകള്‍ പൂര്‍ത്തിയാക്കിയ മറ്റൊരു താരം.

ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്‌സണ്‍ ട്രോഫി 2025 – ഏറ്റവുമധികം പന്തുകളെറിഞ്ഞ താരം

(താരം – ടീം – പന്തുകള്‍)

മുഹമ്മദ് സിറാജ് – ഇന്ത്യ – 1,088

ക്രിസ് വോക്‌സ് – ഇംഗ്ലണ്ട് – 1,086

ബ്രൈഡന്‍ കാര്‍സ് – ഇംഗ്ലണ്ട് – 930

രവീന്ദ്ര ജഡേജ – ഇന്ത്യ – 853

ഷോയ്ബ് ബഷീര്‍ – ഇംഗ്ലണ്ട് – 844

ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് – 840

ഇതിന് പുറമെ ഈ പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയതും സിറാജ് തന്നെയാണ്. 22 വിക്കറ്റുകളാണ് ഓവല്‍ ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ സിറാജിന്റെ പേരിലുള്ളത്.

36.85 ശരാശരിയിലും 54.40 സ്‌ട്രൈക് റേറ്റിലുമാണ് താരം പന്തെറിയുന്നത്. 4.06 എന്ന എക്കോണമിയും താരത്തിനുണ്ട്.

ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്‌സണ്‍ ട്രോഫി 2025 – ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ താരം

(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)

മുഹമ്മദ് സിറാജ് – ഇന്ത്യ – 20

ജോഷ് ടംഗ് – ഇംഗ്ലണ്ട് – 19

ബെന്‍ സ്‌റ്റോക്‌സ് – ഇഗ്ലണ്ട് – 17

ജസ്പ്രീത് ബുംറ – ഇന്ത്യ – 14

ആകാശ് ദീപ് – ഇന്ത്യ – 14

Content highlight: IND vs ENG: Mohammed Siraj is the only Indian bowler to bowl 1000+ deliveries in Tendulkar – Anderson Trophy

We use cookies to give you the best possible experience. Learn more