| Saturday, 2nd August 2025, 3:58 pm

ഇംഗ്ലണ്ടിനെ വീഴ്ത്തി സാക്ഷാല്‍ മുരളീധരനൊപ്പം; ബുംറയെ വെട്ടി കയ്യടി നേടി സിറാജ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നിര്‍ണായകമായ അഞ്ചാം മത്സരം ലണ്ടനിലെ ഓവലില്‍ തുടരുകയാണ്. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. നിലവില്‍ ഇന്ത്യ 52 റണ്‍സിന് മുന്നിട്ട് നില്‍ക്കുകയാണ്.

സ്‌കോര്‍

ഇന്ത്യ: 224 & 75/2

ഇംഗ്ലണ്ട്: 247

ആറ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച നാല് വിക്കറ്റുകളും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം ദിവസം തന്നെ ഇംഗ്ലണ്ടിനെ പുറത്താക്കിയാണ് ഇന്ത്യ കരുത്ത് കാട്ടിയത്. ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും ഇന്ത്യയുടെ ബൗളിങ് യൂണിറ്റിന്റെ മികവാര്‍ന്ന പ്രകടനമാണ് ഓവലില്‍ ആരാധകര്‍ കണ്ടത്.

നാല് വിക്കറ്റ് വീതം സ്വന്തമാക്കി പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും കൊടുങ്കാറ്റഴിച്ചുവിട്ടു. ക്രിസ് വോക്‌സ് ആബ്‌സന്റ് ഹര്‍ട്ടായപ്പോള്‍ ആകാശ് ദീപാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

ക്യാപ്റ്റന്‍ ഒലി പോപ്പ്, ജോ റൂട്ട്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍ എന്നിവരുടെ വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്.

ഓവലിലെ നാല് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സിറാജ് തന്റെ പേരില്‍ കുറിച്ചു. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏഷ്യന്‍ താരമെന്ന നേട്ടമാണ് സിറാജ് സ്വന്തമാക്കിയത്. ആറ് ഫോര്‍ഫറുകളുമായി താരം മുത്തയ്യ മുരളീധരനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ്.

ഇംഗ്ലണ്ടില്‍ ഏറ്റവുമധികം ഫോര്‍ഫറുകള്‍ നേടിയ ഏഷ്യന്‍ താരങ്ങള്‍

(താരം – ടീം – ഫോര്‍ഫര്‍ എന്നീ ക്രമത്തില്‍)

മുഹമ്മദ് സിറാജ് – ഇന്ത്യ – 6*

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 6

വഖാര്‍ യൂനിസ് – പാകിസ്ഥാന്‍ – 6

ജസ്പ്രീത് ബുംറ – ഇന്ത്യ – 5

മുഹമ്മദ് ആമിര്‍ – പാകിസ്ഥാന്‍ – 5

യാസിര്‍ ഷാ – പാകിസ്ഥാന്‍ – 5

അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ്. 58 പന്തില്‍ 57 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 15 പന്തില്‍ 14 റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ ആകാശ് ദീപുമാണ് ക്രീസില്‍.

കെ.എല്‍. രാഹുല്‍ (28 പന്തില്‍ ഏഴ്), സായ് സുദര്‍ശന്‍ (29 പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇതിനോടകം നഷ്ടപ്പെട്ടത്.

Content Highlight: IND vs ENG: Mohammed Siraj equals Muttiah Muralitharan’s record of most four wicket hauls in England

We use cookies to give you the best possible experience. Learn more